തല്ലുകൊള്ളി കഥകളിൽ ഇല്ലാത്ത ഭുവി, റെക്കോർഡുകൾ വാരിക്കൂട്ടിയ ദിവസം

ബാറ്റ്‌സ്മാൻമാരുടെ പറുദീസയാണ് ഇന്ന് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള മിക്ക പിച്ചുകളും. ബൗളറുമാരെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു കാര്യങ്ങളും അവർക്ക് അനുകൂലമല്ല. പവർ പ്ലേ, ഫ്രീഹിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാം അവർക്ക് അനുകൂലമാകുമ്പോൾ ബൗളറുമാർ തല്ലുകൊള്ളികളായി മാറുന്നു.

എന്നാൽ ഈ തല്ലുകൊള്ളി കഥകളിൽ ഒന്നും ഭുവനേശ്വറിനെ കൂട്ടേണ്ട. അയാൾ ഓരോ ദിവസവും മെച്ചെപ്പെട്ട് വരുകയാണ്. പ്രീമിയർ ലീഗിൽ ഇന്ത്യൻ ബൗളറുമാരിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരവും ഭുവി തന്നെ. പവർ പ്ലേയിൽ ഭുവിയെ ആക്രമിച്ച് കളിക്കാൻ ഒരു താരങ്ങളും ഇഷ്ടപ്പെടുന്നില്ല. കാരണം അയാൾ ഒരു ചാണക്യനാണ്, ഓരോ ബൗളുകൾക്കും അയാൾക്ക് ഒരു പ്ലാനുണ്ട്.

തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ മുന്നിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അയാൾ നടത്തിയ ഒരു പ്രകടനമുണ്ട്. മാൻ ഓഫ് ദി സീരിസ് ആയി നിന്നപ്പോൾ അയാൾ വെല്ലുവിളികൾക്ക് മറുപടി കൊടുത്തു. ഇന്ത്യ കഴിഞ്ഞാൽ തന്റെ ഇഷ്ട മണ്ണായ ഇംഗ്ലണ്ടിലും ഭുവി ആ മികവ് തുടരുന്നു. രണ്ടാമത്തെ കളിയിൽ മാൻ ഓഫ് ദി മാച്ചുമായി അയാൾ മാറി.

കൂടാതെ ടി20 ചരിത്രത്തിൽ 500 ഡോട്ട് ബോൾ എറിഞ്ഞ റെക്കോർഡും ഭുവിക്ക് സ്വന്തം. ഭുവനേശ്വർ തന്റെ ടി20 കരിയറിൽ 67 വിക്കറ്റുകൾ നേടിയിട്ടുണ്ട്, അതിൽ 33 എണ്ണം പവർപ്ലേയിലാണ്. പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഇത് അദ്ദേഹത്തെ മാറ്റുന്നു.