സൂപ്പര്‍ താരങ്ങള്‍ക്ക് ബോര്‍ഡിന്റെ പച്ചക്കൊടി; ആര്‍സിബിക്ക് ആശ്വാസ വാര്‍ത്ത

ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസം പകര്‍ന്ന്, വാനിന്ദു ഹസരങ്കയ്ക്കും ദുഷ്മന്ത ചമീരയ്ക്കും ഐപിഎല്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. കോവിഡ് കാരണം നിര്‍ത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയിലാണ് നടക്കുന്നത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയ്ക്കും ഡാനിയേല്‍ സാംസിനു പകരക്കാരായാണ് ഹസരങ്കയെയും ചമീരയെയും ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ രണ്ട് താരങ്ങളുടെയും ഐപിഎല്‍ പ്രവേശം സംബന്ധിച്ച് അറിവില്ലെന്നായിരുന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ നിലപാട്. ഇത് ആര്‍സിബി ക്യാംപില്‍ ആശങ്കയുണ്ടാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഹസരങ്കയ്ക്കും ചമീരയ്ക്കും എതിര്‍പ്പില്ലാ രേഖ ലഭിച്ചത് ബംഗളൂരു ടീമിന് ആശ്വാസമേകുന്ന വാര്‍ത്തയായി.

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്കുശേഷമായിരിക്കും ഹസരങ്കയും ചമീരയും ആര്‍സിബിക്കൊപ്പം ചേരുക. ഹസരങ്കയുടെയും ചമീരയുടെയും വരവ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കരുത്തുവര്‍ദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Read more