ലോകത്തിലെ ഏറ്റവും മികച്ച ടീം ആയ ഇന്ത്യ ശ്രീലങ്കയുമായുള്ള സീരീസിൽ അടിപതറി വീണു. രണ്ടാം ഏകദിനത്തിൽ 32 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഗംഭീര തുടക്കം തന്നെ ആയിരുന്നു ക്യാപ്റ്റൻ രോഹിത് ശർമയും, വൈസ് ക്യാപ്റ്റൻ ശുഭമൻ ഗില്ലും നൽകിയത്. എന്നാൽ അവർ മടങ്ങിയതോടെ ബാക്കി താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. കഴിഞ്ഞ രണ്ട് ഏകദിനത്തിലും വിരാട് കോലി, ശ്രേയസ് അയ്യർ കെ എൽ രാഹുൽ എന്നിവർ നിറം മങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യ്ത ശ്രീലങ്ക 240-9 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 208 ഓൾ ഔട്ട് ആയി.
ഇന്ത്യയുടെ ആദ്യ വിക്കറ്റ് പോകുമ്പോൾ 97 റൺസ് ആയിരുന്നു സ്കോർ ബോർഡിൽ. രോഹിത് ശർമ്മ 44 പന്തിൽ 64 റൺസ് നേടി മടങ്ങി. വൈസ് ക്യാപ്റ്റൻ ശുഭമൻ ഗിൽ 44 പന്തിൽ 35 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന ഓൾറൗണ്ടർ അക്സർ പട്ടേൽ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 44 പന്തിൽ 44 റൺസ് നേടി. വിരാട് കോലി (14 റൺസ്) , ശ്രേയസ് അയ്യർ (7 റൺസ്), കെ എൽ രാഹുൽ(പൂജ്യം) എന്നിവർ മോശം ബാറ്റിംഗ് ആണ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളായി താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്താത്തതിൽ ഇന്ത്യൻ ആരാധകർ നിരാശയിലാണ്.
Read more
ഇന്ത്യ മികച്ച ബോളിങ് തന്നെ ആയിരുന്നു കാഴ്ച വെച്ചത്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ഏകദിന മത്സരത്തിലെ ആദ്യ പന്തിൽ വിക്കറ്റ് എടുക്കുന്നത്. ശ്രീലങ്കൻ താരമായ നിസ്സങ്കയുടെ വിക്കറ്റ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ആണ് ആദ്യ പന്തിൽ എടുത്തത്. ശ്രീലങ്കയ്ക്കായി ഫെർണാണ്ടോ, മെൻഡിസ്, വെല്ലലേജ്, കെ മെൻഡിസ് എന്നിവർ ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബോളിങ്ങിൽ വാഷിംഗ്ടൺ സുന്ദർ മൂന്നു വിക്കറ്റുകളും, കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും, സിറാജ്, അർശ്ദീപ് എന്നിവർ ഓരോ വിക്കറ്റുകളുമാണ് നേടിയത്. ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഇനി സീരീസ് സ്വന്തമാക്കാൻ സാധിക്കില്ല. അടുത്ത മത്സരത്തിൽ വിജയിച്ചാൽ സമനിലയിൽ സീരീസ് അവസാനിപ്പിക്കാൻ ഇരു ടീമുകൾക്കും സാധിക്കും. ഓഗസ്റ്റ് 7 നാണ് അവസാന ഏകദിനം മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.