ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റൻസിയിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ ബോർഡർ-ഗവാസ്‌കർ ട്രോഫി ആരംഭിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യക്ക് 10 വിക്കറ്റിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തോൽവിക്ക് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ മോശം പ്രകടനത്തിന്റെ പേരിലും കാര്യക്ഷമമല്ലാത്ത ക്യാപ്റ്റൻസിയുടെ പേരിലും വിമർശനങ്ങൾ നേരിടുന്നു.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ മികച്ച വിജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം രോഹിത് ടീമിനെ നയിച്ചു. എന്നാൽ, ഡേ-നൈറ്റ് ടെസ്റ്റിൽ രോഹിതിൻ്റെ ക്യാപ്റ്റൻസി ശ്രദ്ധേയമായിരുന്നില്ല, ഇത് ഇന്ത്യയെ 10 വിക്കറ്റിൻ്റെ തോൽവിയിലേക്ക് നയിക്കുകയും നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരിൽ നിന്ന് ചോദ്യങ്ങൾ ഉയരുകയും ചെയ്തു.
അഡ്‌ലെയ്ഡ് ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ രോഹിത് എങ്ങനെ ഉപയോഗിച്ചു എന്നതിൽ ആശ്ചര്യം പ്രകടിപ്പിച്ച മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര അഡ്‌ലെയ്ഡിൽ രോഹിതിൻ്റെ മോശം തീരുമാനങ്ങളെ ചൂണ്ടികാണിച്ചു. ജസ്പ്രീത് ബുംറയുടെ നിയന്ത്രിത ബൗളിംഗിനെ ആകാശ് ചോപ്ര വിമർശിക്കുകയും മത്സരത്തിനിടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു.
രോഹിത് ശർമ്മയുടെ തുടർച്ചയായ നാല് തോൽവികൾ എടുത്തുകാണിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻമാരുടെ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവുമധികം തോൽവികൾ ഏറ്റുവാങ്ങിയവരുടെ പട്ടിക ആകാശ് ചോപ്ര പരാമർശിച്ചു. രോഹിത്തിൻ്റെ ക്യാപ്റ്റൻസി റെക്കോർഡിനെക്കുറിച്ച് സൂചിപ്പിച്ച ആകാശ് ചോപ്ര തുടർച്ചയായ തോൽവികളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൻ്റെ അഭാവം സൂചിപ്പിക്കുകയും ചെയ്തു.