പാലക്കാട് അമിതവേഗത്തിലെത്തിയ ലോറി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കല്ലടിക്കോടിലാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറിയാണ് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

അപകട സ്ഥലത്ത് നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സിമന്റ് കയറ്റിവന്ന ലോറി അമിത വേഗതയില്‍ കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി റോഡിന് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ലോറിക്കടിയില്‍ കൂടുതല്‍ കുട്ടികള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.