ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഓസ്ട്രേലിയയുടെ പദ്ധതി വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് കുന്തമുന ജോഷ് ഹേസല്‍വുഡ്. പരിചയസമ്പന്നരായ വെറ്ററന്‍മാരേക്കാള്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രതിഭകളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹേസല്‍വുഡ് പറഞ്ഞു.
നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഇരു ടീമുകള്‍ക്കും പ്രധാനമാണ്. 2018-19, 2020-21 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യയോടേറ്റ ഹോം സീരീസ് തോല്‍വികളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ. ഇത്തവണ യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലാണ് അവരുടെ ശ്രദ്ധ.
അധികം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത പുതിയ കളിക്കാരെ കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ തന്ത്രങ്ങള്‍ മെനയുന്നത്. ജയ്സ്വാളും ഞങ്ങള്‍ കുറച്ച് തവണ മാത്രം നേരിട്ട ശുഭ്മാന്‍ ഗില്ലും ഇതിലുള്‍പ്പെടും. വിരാട്, രോഹിത് കൂടാതെ മറ്റുള്ളവര്‍ക്കെതിരെയും ഞങ്ങള്‍ കളിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അവര്‍ക്കെതിരെ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം- ഹേസല്‍വുഡ് പറഞ്ഞു.
അതേസമയം, നിലവില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ. ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കും. മറുവശത്ത്, ഓസീസ് ഇംഗ്ലണ്ടില്‍ വൈറ്റ് ബോള്‍ പര്യടനത്തിലാണ്. അടുത്ത വൈറ്റ് ബോള്‍ പരമ്പരയില്‍ അവര്‍ പാകിസ്ഥാനെ നേരിടും.