തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

അല്ലു അര്‍ജുന് പിന്തുണയുമായി ബിജെപി എംപി അനുരാഗ് താക്കൂര്‍. ‘പുഷ്പ 2’ റിലീസിനിടെ തിയേറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തെലങ്കാന പൊലീസ് നടനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം സമയം പൊലീസ് നടനെ ചോദ്യം ചെയ്തിരുന്നു.

അതിനാല്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സിനിമാ താരങ്ങള്‍ ഇന്ന് ചര്‍ച്ച നടത്തിനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. ലോകസിനിമാ ഭൂപടത്തിലേക്ക് ഇന്ത്യന്‍ സിനിമയെ കൊണ്ടെത്തിച്ചവരാണ് തെലുങ്ക് സിനിമയും നടന്‍മാരും. അത്രയും ഉന്നതിയില്‍ നില്‍ക്കുന്ന വ്യവസായത്തെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം എന്നാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ തന്നെ എടുത്തു നോക്കിയാലറിയാം അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍. പുഷ്പ സിനിമയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി. ലോകസിനിമയും രാജ്യവും അംഗീകരിച്ച നടനാണ്. ആര്‍ആര്‍ആര്‍, പുഷ്പ, ബാഹുബലി, കെജിഎഫ് ഇവയെല്ലാം ഇന്ത്യന്‍ സിനിമയുടെ പേരിന് തിളക്കം കൂട്ടിയവയാണ്.

വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കണം, സിനിമ കൊണ്ട് രാഷ്ട്രീയം കളിക്കരുത് എന്നാണ് അനുരാഗ് താക്കൂര്‍ പറയുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അല്ലു അര്‍ജുന്റെ സിനിമകള്‍ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭൂപതി റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.