ഹാര്‍ദിക്കിന്റെ ഭാവി പറഞ്ഞ് ബോളിംഗ് കോച്ച്; ടി20 ലോകകപ്പിലെ സ്ഥാനത്തെ കുറിച്ചും നിരീക്ഷണം

ഇന്ത്യയുടെ മുന്‍നിര ഓള്‍ റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ സമീപ കാലത്തായി പരിക്കിന്റെ പിടിയിലാണ് ഹാര്‍ദിക്. താരത്തിന്റെ ബോളിംഗ് മികവിനെ കുറിച്ചും സംശയമുയരുന്നു. എന്നാല്‍ ട്വന്റി20 ലോക കപ്പില്‍ ഹാര്‍ദിക് കളിക്കുമോ ഇല്ലയോ എന്ന കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബോളിംഗ് കോച്ചായിരുന്ന മുന്‍ പേസര്‍ പരസ് മാംബ്രെ.

ഹാര്‍ദിക്കിന് സംബന്ധിച്ച് കാര്യങ്ങളെല്ലാം പതിയെപതിയെ പുരോഗതി പ്രാപിക്കുകയാണ്. എത്ര ഓവറുകള്‍ എറിയണമെന്നതില്‍ ഹാര്‍ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നില്ല. ലോകകപ്പ് അടുത്തുവരുകയാണ്. ടീമില്‍ ഹാര്‍ദിക്കിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് അറിയാം. അതിനാല്‍ അദ്ദേഹത്തിന്റെ ബോളിംഗ് ഭാരം നിയന്ത്രിക്കേണ്ടത് പരമ പ്രധാനമാണ്- നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബോളിംഗ് കോച്ച് കൂടിയായ മാംബ്രെ പറഞ്ഞു.

ബാറ്റിംഗില്‍ ഹാര്‍ദിക്കിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് അറിയാം. അതിനൊപ്പം ബോളിംഗും ചേര്‍ന്നാല്‍ ഇന്ത്യന്‍ ടീമിന് വ്യത്യസ്തമായ ഒരു മാനം ലഭിക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് തുടരുന്നത്. ട്വന്റി20 ലോക കപ്പില്‍ ഹാര്‍ദിക്കിന് പന്തെറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാംബ്രെ പറഞ്ഞു.