ബുംറ 21 വിക്കറ്റ് രോഹിത് 19 റൺസ്, ഉപനായകനോട് മത്സരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; വിമർശനം ശക്തം

പണ്ടൊരു കാലത്ത് സച്ചിനെ ഒരുപാട് ആശ്രയിച്ചിരുന്ന ഒരു ടീം ആയിരുന്നു ഇന്ത്യ. സച്ചിന് എങ്ങാനും ഔട്ട് ആയാൽ പിന്നെ പുറകെ പുറകെ വിക്കറ്റുകൾ കളഞ്ഞ് കൈയിൽ ഇരുന്ന കളി നശിപ്പിച്ചിരുന്ന ഇന്ത്യൻ കഥകൾ അനവധി തവണ നടന്നിട്ടുണ്ട്. എന്തായാലും പിന്നീട് ആ കാലം മാറി, ബാറ്റിങ്ങിൽ ഒരുപാട് താരങ്ങളെ ആശ്രയിക്കാവുന്ന ഒരു ടീം ഗെയിം കളിക്കുന്ന ഇന്ത്യയെ നമുക്ക് കാണാനായി.

എന്തായാലും അന്ന് ബാറ്റിങ്ങിൽ ആയിരുന്നെങ്കിൽ ഇന്ന് ബോളിങ്ങിൽ ഇന്ത്യ സമാനമായ രീതിയിൽ ഉള്ള പ്രശ്നം അനുഭവിക്കുകയാണ്. ഒരുപാട് ഓപ്ഷനുകൾ ഉണ്ടെങ്കിലും ഇന്ന് ജസ്പ്രീത് ബുംറ എന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏതൊരു മികച്ച ബാറ്റർക്കും ഭീഷണിയായ ബുംറയുടെ പന്തുകളാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ രക്ഷാമാർഗം.

ബുംറ എങ്ങാനും തിളങ്ങി ഇല്ലെങ്കിൽ തീർന്നു കഥ എന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് ഈ കാലഘട്ടത്തിലെ പല മത്സരഫലങ്ങളും പറയും. ഈ ഓസ്‌ട്രേലിയൻ പരമ്പരയിലും ഇന്ത്യയുടെ ആയുധമായ താരം ഇതുവരെ 6 ഇന്നിങ്സിൽ നിന്നായി 21 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയിരിക്കുന്നത്. 10 നോട് അടുത്ത ആവറേജിൽ പിശുക്കിന്റെ പര്യായമായി അസാധ്യ പ്രകടനവുമായി ബുംറ വീണ്ടും വീണ്ടും ഇന്ത്യയെ രക്ഷിക്കുന്നു.

എന്തായാലും ബുംറ 21 വിക്കറ്റുകൾ നേടിയപ്പോൾ ഇന്ത്യൻ നായകൻ രോഹിത് 4 ഇന്നിങ്സിൽ നിന്നായി നേടിയത് 19 റൺ മാത്രം. ഒരു ബാറ്റർ എന്ന നിലയിൽ പോലും ബുംറയുടെ കണക്കുകളെ തോൽപ്പിക്കാൻ ഇന്ത്യൻ നായകന് പറ്റുന്നില്ല എന്നതിൽ തന്നെയുണ്ട് ആ ബാറ്റിങ് എത്രത്തോളം അധഃപതിച്ചു എന്നതിന്റെ തെളിവെന്ന് ആരാധകർ പറയുന്നു.

രോഹിത്തിനെ സംബന്ധിച്ച് അടുത്ത ടെസ്റ്റിൽ റൺ നേടാൻ സാധിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്ത് പോകുന്നത് ആയിരിക്കും നല്ലതെന്നാണ് കൂടുതൽ പേരും പറയുന്ന കാര്യം.