ചാമ്പ്യന്‍സ് ട്രോഫി 2025: കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ മറ്റ് ബോര്‍ഡുകള്‍, പാകിസ്ഥാന് മുന്നിലേക്ക് വെച്ചിരിക്കുന്നത് വമ്പന്‍ ഓഫര്‍

2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ പര്യടനം നടത്താന്‍ ഇന്ത്യ തയ്യാറല്ലെന്ന റിപ്പോര്‍ട്ടിനെതിരെ പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഉത്തരവുകള്‍ പാലിച്ച് മറ്റ് രാജ്യങ്ങള്‍ കളിപ്പാവകളായി പ്രവര്‍ത്തിക്കുന്നുവെന്നും ബിസിസിഐ ഐസിസിയില്‍ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്നും ബാസിത് അലി ആരോപിച്ചു. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യത കുറവാണെങ്കിലും, പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയെ ഇന്ത്യയ്ക്കെതിരെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര നടത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ബാസിത് അഭിപ്രായപ്പെട്ടു.

ജയ് ഷാ തീരുമാനിക്കുന്നതെന്തും 5-6 രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ അംഗീകരിക്കുന്നു. അതേസമയം പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിക്ക് ഒരു ഓഫര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ഉഭയകക്ഷി പരമ്പര കളിക്കും. അത് ഓസ്‌ട്രേലിയയിലോ ഇംഗ്ലണ്ടിലോ ആകട്ടെ, മറ്റ് ബോര്‍ഡുകള്‍ ഇതിനായി ഇന്ത്യയെ പ്രേരിപ്പിക്കും- ബാസിത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ബിസിസിഐയുടെ സാമ്പത്തിക സ്വാധീനം മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ തീരുമാനങ്ങളെ അവര്‍ക്ക് അനുകൂലമാക്കാന്‍ അനുവദിക്കുന്നുവെന്ന് ബാസിത് ആരോപിച്ചു. ”ചാമ്പ്യന്‍സ് ട്രോഫിയുടെ ലൊക്കേഷനും ഫോര്‍മാറ്റും സംബന്ധിച്ച് ബിസിസിഐ തീരുമാനിക്കുന്നതെന്തും ബോര്‍ഡുകള്‍ അംഗീകരിക്കും. കാരണം അവരുടെ കളിക്കാര്‍ ഐപിഎല്ലില്‍ പങ്കെടുക്കുമ്പോള്‍ ബിസിസിഐ അവര്‍ക്ക് ഗണ്യമായ തുക നല്‍കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതിനാല്‍, അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി പരിപാടിയിലേക്ക് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അയയ്ക്കാന്‍ സാധ്യതയില്ല. ഈ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഒരു ‘ഹൈബ്രിഡ്’ മോഡലില്‍ സംഘടിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇത് അനുവദിക്കുന്നില്ലെന്ന നിലപാടിലാണ്.

Read more