ചാമ്പ്യന്‍സ് ട്രോഫി: 'ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തില്ലെങ്കില്‍ പാക് ടീമിന് രണ്ട് പോയിന്റ് നല്‍കണം'; 1996 ലെ സംഭവം ഓര്‍മ മ്മിപ്പിച്ച് ബാസിത് അലി

പാകിസ്ഥാന്‍ മണ്ണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ പാകിസ്ഥാന് രണ്ട് പോയിന്റ് നല്‍കണമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാണെങ്കിലും, പാകിസ്ഥാന്‍ അവരുടെ എല്ലാ മത്സരങ്ങളും നാട്ടില്‍ കളിക്കണമെന്നും ഇന്ത്യ യാത്ര ചെയ്യാന്‍ വിസമ്മതിച്ചാല്‍ ആതിഥേയര്‍ക്ക് രണ്ട് പോയിന്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഹൈബ്രിഡ് മാതൃകയില്‍ ചാമ്പ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പ്രതികരണം തേടി. അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതായി ഐസിസിയില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നവംബര്‍ 10 ഞായറാഴ്ച സ്ഥിരീകരിച്ചു.

1996 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ ടീമുകള്‍ കളിക്കാന്‍ വരാത്തതിനാല്‍ ശ്രീലങ്കയ്ക്ക് 2-2 പോയിന്റ് ലഭിച്ചത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? ഇന്ത്യയെയും പാകിസ്താനെയും വ്യത്യസ്ത ഗ്രൂപ്പുകളില്‍ ഇടാന്‍ ശ്രമിച്ചാല്‍ ഐസിസി അത് നിരസിക്കും. പണം കാരണം പാകിസ്താനും ഇന്ത്യയും എല്ലായ്‌പ്പോഴും ഒരേ ഗ്രൂപ്പിലായിരിക്കും,’ ബാസിത് അലി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.

ഹൈബ്രിഡ് മോഡല്‍ ഉണ്ടെങ്കില്‍ ഇന്ത്യ പാകിസ്ഥാനില്‍ പോകുന്നില്ലെങ്കില്‍, പാകിസ്ഥാനെ രണ്ട് പോയിന്റ് നല്‍കുക. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്, അതിനാല്‍ ഇപ്പോഴും ചെയ്യുക- ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

1996-ലെ ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് കൊളംബോയില്‍ നടന്ന ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് വിന്‍ഡീസും ഓസ്‌ട്രേലിയയും ഇവിടെ കളിക്കാന്‍ വിസമ്മതിച്ചു. ടീമുകള്‍ കൊളംബോയിലുള്ള അവരുടെ മത്സരങ്ങള്‍ ഉപേക്ഷിച്ചു.

‘പിസിബി ചാമ്പ്യന്‍സ് ട്രോഫി ആതിഥേയത്വം ഉപേക്ഷിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിലവിലെ പദ്ധതി പ്രകാരം ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്തുകയും ഫൈനല്‍ ദുബായില്‍ നടത്തുകയും ചെയ്യുന്നതാണ്,” ഒരു ഉറവിടം തിങ്കളാഴ്ച പിടിഐയോട് പറഞ്ഞു.