IPL 2025: ഞെട്ടിക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർ താരത്തെ നൈസായി ഒഴിവാക്കി; ആരാധകർക്ക് വമ്പൻ ഷോക്ക്

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിനായി രവീന്ദ്ര ജഡേജയെ നിലനിർത്തും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ഇപ്പോഴിതാ ജഡേജയെ ചെന്നൈ നിലനിർത്താൻ സാധ്യത ഇല്ലെന്ന് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നു. ഈ കാലയളവിലെ ചെന്നൈ വിജയങ്ങളിൽ എല്ലാം അതിനിർണായക പങ്ക് വഹിച്ച താരം എന്ന നിലയിൽ ജഡേജയെ ഒഴിവാക്കുന്ന ചെന്നൈ നീക്കം ശരിക്കും ഞെട്ടിക്കുന്നു.

2012-ൽ 2 മില്യൺ ഡോളറിന് അദ്ദേഹം ഫ്രാഞ്ചൈസിയിൽ ചേർന്നു, ആ വർഷത്തെ ലേലത്തിൽ ഏറ്റവും ചെലവേറിയ കളിക്കാരനായി. 2016ലും 2017ലും സിഎസ്‌കെയെ സസ്പെൻഡ് ചെയ്തപ്പോൾ ജഡേജ ഗുജറാത്ത് ലയൺസിനായി കളിച്ചു. സിഎസ്‌കെ തിരിച്ചുവന്നപ്പോൾ ജഡേജയെ അവർ വീണ്ടും ടീമിൽ ഉൾപ്പെടുത്തി. 2021-ൽ, രവീന്ദ്ര ജഡേജയെ മെഗാ ലേലത്തിന് മുമ്പ് 16 കോടി രൂപയ്ക്കാണ് ചെന്നൈ നിലനിർത്തിയത്.

2022 ൽ സീസൺ പകുതി വരെ ജഡേജ ആയിരുന്നു ചെന്നൈയുടെ നായകൻ. ശേഷം ധോണി തന്നെ വീണ്ടും ടീമിനെ നയിക്കുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ജഡേജയെ ടീം ഒഴിവാക്കി ലേലത്തിലേക്ക് പോകാൻ അനുവദിക്കുന്നു എന്ന് കാണിച്ചിരിക്കുന്നത്. സമീപകാലത്തെ താരത്തിന്റെ ഫോം തന്നെയാണ് ഇതിന് ഒരു വലിയ കാരണമായി പറയുന്നത്. ചെന്നൈക്കായി ഈ കാലയളവിൽ 2053 റൺസും 142 വിക്കറ്റുകളും ജഡേജ നേടിയിട്ടുണ്ട്.

എന്തായാലും ജഡേജ ലേലത്തിൽ എത്തിയാൽ അവിടെ താരത്തിനായി കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

Read more