ഭാര്യയെ മർദ്ദിച്ചു എന്ന് പരാതി, ഇന്ത്യൻ ക്രിക്കറ്റിലെ ഒരു കാലത്തെ സൂപ്പർ താരം കുടുക്കിൽ; കിട്ടിയത് വമ്പൻ പണി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസ്. വെള്ളിയാഴ്ച ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ വച്ച് തന്നെ മർദ്ദിച്ചുവെന്നാരോപിച്ച് വിനോദ് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് എഫ്‌ഐആർ ഫയൽ ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ടിവി റിപ്പോർട്ടുകൾ പ്രകാരം മദ്യലഹരിയിലാണ് കാംബ്ലി ഭാര്യയെ മർദിച്ചത്.

ബാന്ദ്ര പോലീസ് പറയുന്നതനുസരിച്ച്, കാംബ്ലിക്കെതിരെ ഐപിസി സെക്ഷൻ 504 (അപമാനം), 324 (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് മനഃപൂർവം ഉപദ്രവിക്കൽ) എന്നിവ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഭാര്യ ആൻഡ്രിയയുടെ മേൽ പാനിന്റെ പിടി എറിഞ്ഞ് തലയ്ക്ക് പരിക്കേൽപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 നും 1.30 നും ഇടയിൽ കാംബ്ലി തന്റെ ബാന്ദ്ര ഫ്ലാറ്റിൽ പ്രവേശിച്ചപ്പോഴാണ് സംഭവം നടക്കുന്നത്. “അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഒരു കാരണവുമില്ലാതെ അയാൾ എന്നെയും മകനെയും ഉപദ്രവിച്ചു. ഞങ്ങൾ അയാളോട് അപേക്ഷിച്ചുച്ചു. കുക്കിംഗ് പാൻഹാൻഡിൽ ഉപയോഗിച്ച് അയാളുടെ അടിയേറ്റ ശേഷം അയാളെ തള്ളിമാറ്റി ആശുപത്രിയിലേക്ക് ഞാൻ മകനുമായി എത്തുക ആയിരുന്നു, ”ആൻഡ്രിയ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല കാംബ്ലി മദ്യപിച്ച് പ്രശ്‌നത്തിലാകുന്നത്. 2022ൽ ഇയാൾക്കെതിരെ ഡ്രിങ്ക് ആൻഡ് ഡ്രൈവ് കേസിൽ പൊലീസ് കേസെടുത്തിരുന്നു. വീട്ടുജോലിക്കാരിയെ മർദിച്ചതിന് ഇയാൾക്കും ഭാര്യയ്ക്കുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ജോലി തേടി കാംബ്ലി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ എത്തിയത് അടുത്ത കാലത്താണ്. ജോലി കിട്ടിയാൽ മദ്യപാനം ഉപേക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു.

Read more

ക്രിക്കറ്റിലേക്ക് എത്തിയ സമയത്ത് കാംബ്ലി മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ അച്ചടക്കമില്ലായ്മ അദ്ദേഹത്തെ ചതിക്കുക ആയിരുന്നു, മാത്രമല്ല അദ്ദേഹത്തിന് തന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റിലെ നിരാശാജനകമായ അധ്യായങ്ങളിൽ ഒന്നായി അദ്ദേഹം തുടരുന്നു.