ഭാവി താരമെന്ന വാഴ്ത്തല്‍ പാഴായി, ഒടുവില്‍ ഇന്ത്യ വിട്ട് ലോക കപ്പ് വിജയി

കൗമാര കാലത്തെ പ്രതിഭാ സ്പര്‍ശമുള്ള പ്രകടനങ്ങളിലൂടെ ഭാവി താരമെന്ന് വാഴ്ത്തപ്പെടുക. പിന്നീട് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വിസ്മൃതിയിലേക്ക് പോകുക. അങ്ങനെ തലവര മാറിമറിഞ്ഞ ഒരുപിടി പേരുണ്ട് കായിക രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉന്മുക്ത് ചന്ദിനും അവരുടെ നിരയിലാണ് ഇടം. ഇന്ത്യന്‍ ടീമില്‍ ഇനിയൊരിക്കലും ഇടംലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട ഉന്മുക്ത്, 28-ാം വയസില്‍ ബിസിസിഐയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഏതെങ്കിലുമൊരു വിദേശ ടീമിനുവേണ്ടി ക്രിക്കറ്റ് തുടരാനാണ് ഉന്മുക്തിന്റെ തീരുമാനം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്ത ട്വിറ്ററിലൂടെ ഉന്മുക്ത് ചന്ദ് തന്നെയാണ് പുറത്തുവിട്ടത്. ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചില്ലെന്ന ചിന്ത ഒരു നിമിഷത്തേക്ക് എന്റെ ഹൃദയത്തെ നിശ്ചലമാക്കുന്നു. ഇന്ത്യയിലെ ക്രിക്കറ്റിനൊപ്പമുള്ള യാത്ര വ്യക്തിപരമായി മഹത്തായ ചില നിമിഷങ്ങള്‍ സമ്മാനിച്ചു. അണ്ടര്‍ 19 ലോക കപ്പ് വിജയം അതിലെ ഏറ്റവും മനോഹരമായ ഓര്‍മ്മ. ക്യാപ്റ്റനെന്ന നിലയില്‍ കപ്പുയര്‍ത്താനും ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ സന്തോഷിപ്പിക്കാനും കഴിഞ്ഞത് അവിസ്മരണീയമാണ്- ഉന്മുക്ത് ട്വീറ്റ് ചെയ്തു.

Read more

2012 അണ്ടര്‍ 19 ലോക കപ്പ് ഉന്മുക്തിന്റെ നായകത്വത്തിനുകീഴിലാണ് ഇന്ത്യ ജയിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 111 റണ്‍സ് നേടിയ ഉന്മുക്തായിരുന്നു ഇന്ത്യയുടെ ഹീറോ. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡുള്ള ഉന്മുക്തിന് നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ സാധിച്ചില്ല. താരബാഹുല്യത്തിനിടെ ഉയര്‍ന്നുവന്ന മറ്റ് പ്രതിഭകള്‍ ഉന്മുക്തിനെ പിന്തള്ളിയെന്ന് വിലയിരുത്താം.