2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ, നായകൻ രോഹിത് ശർമ്മ, സൂപ്പർതാരം വിരാട് കോഹ്‌ലി എന്നിവർ വലിയ വിമർശനങ്ങൾ നേരിടുന്നു. ഓസ്‌ട്രേലിയയോട് 1-3ന് തോറ്റ ഉപഭൂഖണ്ഡ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. നേരത്തെ, ന്യൂസിലൻഡ് ഇന്ത്യയെ 3-0 ന് വൈറ്റ് വാഷ് ചെയ്തിരുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ മോശം സമയമാണ് കടന്നുപോകുന്നത് എന്ന് പറയാം.
പരിശീലകൻ ഗംഭീർ സ്ഥാനം ഏറ്റെടുത്തത് മുതൽ ഇന്ത്യൻ ടീമിന് കഷ്ടകാലം ആണെന്ന് പറയുന്നവർ ഏറെയാണ്. സ്വന്തം മണ്ണിൽ കിവീസിനോട് പരാജയപ്പെട്ടപ്പോൾ തന്നെ ഗംഭീറിനെതിരെയുള്ള എതിർപ്പുകൾ ശക്തമായതാണ്. രോഹിതിനെ സംബന്ധിച്ച് നായകൻ എന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹം ടെസ്റ്റിൽ പൂർണ പരാജയം ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർ തോൽവിയുടെ പശ്ചാത്തലത്തിൽ അവസാന ടെസ്റ്റിൽ അദ്ദേഹം ടീമിൽ നിന്ന് ഒഴിവായിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലിക്കും അത്ര നല്ല സമയം അല്ല. ഒരൊറ്റ സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ അദ്ദേഹം ഈ പരമ്പരയിൽ പരാജയമായിരുന്നു. പുറത്തായ രീതി എല്ലാം ഒരേ സ്റ്റൈലിൽ ആയിട്ടും അതിനെ തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ല.
അതേസമയം ഗംഭീർ, രോഹിത്, വിരാട് എന്നിവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ അവലോകന യോഗം വരുമ്പോൾ ഇവരിൽ ആരെയും പുറത്താക്കില്ല. “നടപടിയില്ലാതെ അവലോകന യോഗം ചേരും. ബാറ്റർമാരുടെ മോശം പ്രകടനത്തിൻ്റെ പേരിൽ നിങ്ങൾക്ക് പരിശീലകനെ നീക്കം ചെയ്യാൻ കഴിയില്ല. ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകനായി തുടരും, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര കളിക്കും, ”ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.
Read more
ചാമ്പ്യൻസ് ട്രോഫി ജയിക്കാൻ ആയില്ലെങ്കിൽ പരിശീലകനും സൂപ്പർതാരങ്ങൾക്കും അത് ശോഷം ചെയ്യുമെന്ന് ഉറപ്പാണ്.