'ലോകകപ്പ് ചരിത്രത്തിലാദ്യമായി അത് സംഭവിക്കും'; വമ്പന്‍ പ്രവചനവുമായി ആതര്‍ട്ടണ്‍, വിറങ്ങലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുമായി ബന്ധപ്പെട്ട് ഒരു വലിയ പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ താരവും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കല്‍ ആതര്‍ട്ടണ്‍. ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പ് വേദിയില്‍ ഇന്ത്യയ്‌ക്കെതിരെ വിജയം നേടാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല.

എന്റെ പ്രവചനമാണ്, 50 ഓവര്‍ ലോകകപ്പില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഞാന്‍ പറയുന്നു. വര്‍ഷങ്ങളായി ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ പോലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇരുടീമുകളും സെമിഫൈനലിലോ ഫൈനലിലോ വീണ്ടും ഏറ്റുമുട്ടുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മത്സരമായിരിക്കുമത്. തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍ ഒരുപക്ഷെ പാകിസ്താന്‍ ഞെട്ടിച്ചേക്കാം- ആതര്‍ട്ടണ്‍ പറഞ്ഞു.

ഒക്ടോബര്‍ 14നാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിലിന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും.