പെര്‍ത്ത് ടെസ്റ്റിനേക്കാള്‍ ഇഷ്ടം അതിനോട്; നിലപാടറിയിച്ച് വെട്ടോറി, ഓസീസിന് നിരാശ

പെര്‍ത്തില്‍ നടക്കുന്ന ആദ്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി (ബിജിടി) ടെസ്റ്റ് ഒഴിവാക്കാനും പകരം ഇന്ത്യ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ പങ്കെടുക്കാനും ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ഡാനിയല്‍ വെട്ടോറി തീരുമാനിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) മുഖ്യ പരിശീലകന്‍ കൂടിയായ വെട്ടോറി, ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമിന്റെ ചുമതലകള്‍ ഉപേക്ഷിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയെ (സിഎ) അറിയിച്ചു.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഡാന്റെ (ഡാനിയല്‍ വെട്ടോറി) റോളിനെ ഞങ്ങള്‍ വളരെയധികം പിന്തുണയ്ക്കുന്നു. ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡാന്‍ ആദ്യ ടെസ്റ്റിനുള്ള അവസാന തയ്യാറെടുപ്പ് പൂര്‍ത്തിയാക്കും. അതിനുശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ശേഷിക്കുന്ന സമയങ്ങളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടാകും- സിഎ വക്താവ് പറഞ്ഞു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ 2025 ലേലവുമായി ഒന്നാം ബിജിടി ടെസ്റ്റ് ഏറ്റുമുട്ടുന്നു. നവംബര്‍ 22 മുതല്‍ 26 വരെ മത്സരം നടക്കുമ്പോള്‍ നവംബര്‍ 24 മുതല്‍ 25 വരെ ലേലം നടക്കും.