കെ. നന്ദകുമാര്‍ പിള്ള
ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നടന്ന ഒരു അസാധാരണ സംഭവം. വര്‍ഷം 1987. ഇന്ത്യ – ഓസ്‌ട്രേലിയ – പാക്കിസ്ഥാന്‍ – ഇംഗ്ലണ്ട് ടീമുകള്‍ ഉള്‍പ്പെട്ട ചതുര്‍രാഷ്ട്ര മത്സരം ഷാര്‍ജയില്‍ നടക്കുന്നു. അന്ന് ഇന്ത്യയുടെ മത്സരമായിരുന്നു. അതിനിടയിലാണ് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്ക് അയാള്‍ കടന്നു വന്നത്.
ഷാര്‍ജയിലെ ഒരു ബിസ്നെസ്സ്‌കാരന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ അയാള്‍ കളിക്കാര്‍ ഓരോരുത്തരെയായി പരിചയപ്പെട്ടു. മുംബൈ സ്വദേശിയായ അയാള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും ഒരു വമ്പന്‍ ഓഫറും ആയിട്ടായിരുന്നു വന്നത്. ആ ടൂര്‍ണമെന്റില്‍ ഇന്ത്യ ചാമ്പ്യന്മാര്‍ ആയാല്‍ ഓരോരുത്തര്‍ക്കും, കളിക്കാര്‍ക്ക് മാത്രമല്ല ഒഫീഷ്യല്‍സിനും, ഓരോ ടൊയോട്ട കാര്‍ ഇന്ത്യയില്‍ അവരുടെ വീട്ടു പടിക്കല്‍ എത്തിക്കുമെന്നായിരുന്നു അയാളുടെ വാഗ്ദാനം.
പക്ഷെ, ഇന്ത്യന്‍ കളിക്കാര്‍ എല്ലാവരും ഏക സ്വരത്തില്‍ ആ വാഗ്ദാനം നിരസിച്ചു. ഈ സംഭവം നടക്കുമ്പോള്‍ റൂമിന് പുറത്തായിരുന്നു ക്യാപ്റ്റന്‍ കപില്‍ദേവ്. അദ്ദേഹം അകത്തേക്ക് കയറി വരുമ്പോഴാണ് ആ അപരിചിതന്‍ റൂമിനകത്ത് നില്കുന്നത് ശ്രദ്ധിച്ചത്. എന്താണ് അയാളുടെ ആവശ്യം എന്ന് കപില്‍ ചോദിച്ചപ്പോള്‍ കളിക്കാരുമായി തനിക്ക് കുറച്ച് സംസാരിക്കണം എന്നയാള്‍ മറുപടി നല്‍കി.
അപരിചിതര്‍ക്ക് ടീമിന്റെ റൂമിനകത്തേക്ക് പ്രവേശനമില്ലെന്നും, പുറത്തു പോകൂ സുഹൃത്തേ എന്നുമായിരുന്നു കപില്‍ദേവിന്റെ മറുപടി. കപിലിന്റെ മുഖത്തേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അയാള്‍ അവിടെ നിന്നും പോയി.
ഒരു മുംബൈ ബേസ്ഡ് ബിസ്നെസ്സുകാരന്‍ എന്നതിനപ്പുറം അയാള്‍ ആരാണെന്ന് ആ റൂമില്‍ ഉണ്ടായിരുന്ന ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ അയാളെ തിരിച്ചറിഞ്ഞു.
പല തരത്തില്‍ ഇന്ത്യയെ ദ്രോഹിച്ച, ഇന്ത്യയിലെ പല കലാപങ്ങള്‍ക്കും ഉത്തരവാദിയായ ദാവൂദ് ഇബ്രാഹിം ആയിരുന്നു അത്.
ഇത്രയും വലിയ ഓഫര്‍ ഒരു മടിയും കൂടാതെ നിരസിച്ച അന്നത്തെ ഇന്ത്യന്‍ ടീമിലെ എല്ലാവര്ക്കും ഹൃദയത്തില്‍ നിന്നും ഒരു സല്യൂട്ട്.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍