ധര്‍മ്മശാല ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ അഞ്ചാം അരങ്ങേറ്റം

പരിക്കുകളും ഒഴിവാക്കലുകളും കാരണം, മാര്‍ച്ച് 7 ന് ധര്‍മ്മശാലയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തില്‍ യുവ ബാറ്റര്‍ ദേവദത്ത് പടിക്കല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് കെ എല്‍ രാഹുലിന് ഇപ്പോഴും പൂര്‍ണ ആരോഗ്യം ലഭിക്കാത്തതിനാല്‍ അവസാന ടെസ്റ്റില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

വിദഗ്ധ പരിശോധനയ്ക്കായി രാഹുലിനെ ലണ്ടനിലേക്ക് ബിസിസിഐ അയച്ചിരിക്കുകയാണ്. രാഹുല്‍ ടീം സെലക്ഷന് ലഭ്യമാകുമോ എന്ന് മാര്‍ച്ച് രണ്ടിന് അറിയാം. ഇതിന് പുറമേ ടീമിലെ മറ്റൊരു കീപ്പര്‍-ബാറ്റ്സ്മാന്‍ രജത് പടിദാര്‍ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ ദയനീയമായി പരാജയപ്പെട്ടതിനാല്‍ പടിക്കലിന് മറ്റൊരു സാധ്യതയുമുണ്ട്.

ഇതുവരെയുള്ള ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 10 ശരാശരിയില്‍ 32, 9, 5, 0, 17, 0 എന്നിങ്ങനെയായിരുന്നു പടിദാറിന്റെ പ്രകടനം. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കും പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കും വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ദേവ്ദത്ത് പുറത്തെടുത്തു.

പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.