ഡി.ആര്‍.എസില്‍ ഞെട്ടിച്ച് വീണ്ടും ധോണി, പിടിച്ചെടുത്തത് വിജയം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈയുടെ വിജയത്തിന് പിന്നില്‍ പതിവു പോലെ തന്നെ ധോണിയുടെ ഇടപെടല്‍ ശ്രദ്ധേയമായി. ടോസ് നേടിയ ധോണി ഡല്‍ഹിയെ ബാറ്റിംഗിന് അയച്ചതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പിന്നീട് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയ വിക്കറ്റിന് പിന്നിലും ധോണിയുടെ നിര്‍ണായക ഡിആര്‍എസ് കോള്‍ കാരണമായി.

ഇതോടെ ധോണിയുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലുള്ള അഗ്രഗണ്യത ഒരിക്കല്‍ കൂടി വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ധോണി തന്റെ ഡി ആര്‍ എസ് തീരുമാനത്തിലൂടെ ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ദീപക് ചഹര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായുടെ വലത്തേ കാലില്‍ കൊണ്ടു. തുടര്‍ന്ന് ചാഹറും ചെന്നൈ താരങ്ങളും എല്‍ ബി ഡബ്ല്യൂ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു.

എന്നാല്‍ അത് വിക്കറ്റാണെന്ന് ഉറപ്പായിരുന്ന ധോണി ഡി ആര്‍ എസ് ആവശ്യപ്പെടുകയായിരുന്നു. റിപ്ലേ പരിശോധനയില്‍ ധോണിയുടെ തീരുമാനം ശരിവെയ്ക്കുന്ന വിധത്തിലാണ് മൂന്നാം അമ്പയറുടെ വിധിയുണ്ടായത്.

Read more

ഡല്‍ഹി മികച്ച തുടക്കത്തിലേക്ക് നീങ്ങുമ്പോള്‍ ലഭിച്ച ഈ വിക്കറ്റ് കളിയുടെ ഗതി തന്നെ മാറ്റി. മത്സരത്തില്‍ 20 ഓവറില്‍ 147 റണ്‍സെടുക്കാനെ ഡല്‍ഹിയ്ക്ക് ആയുളളു.