ധോണി എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുന്നില്ല? കാരണം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്ള സ്ഥാനം തെറിക്കാന്‍ ഏറ്റവും സാധ്യത കുറവുള്ള വളരെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാനായ ധോണി ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. കപില്‍ദേവ് യുഗത്തിന് ശേഷം ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ചതും ക്യാപ്റ്റന്‍ കൂളിന്റെ കീഴിലായിരുന്നു. എന്നാല്‍, ചില സമയങ്ങളില്‍ മോശം ഫോമിലാണെങ്കിലും ധോണിയെ ടീമില്‍ നിന്ന് പുറത്താക്കുന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കാര്‍ പോലുമില്ല. ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കിയതും ടീമിനും മാനേജ്‌മെന്റിനും ധോണിയോടുള്ള പ്രിയത്തിന് ഉദാഹരണമാണ്.

കഴിവു തെളിയിച്ച നിരവധി യുവതാരങ്ങള്‍ ടീം ഇന്ത്യയുടെ പടിവാതിലിലെത്തി നില്‍ക്കുകയാണെങ്കിലും 36 കാരനായ ധോണിയെ വിട്ടൊരു കളിക്ക് മാനേജ്‌മെന്റ് തയാറല്ല. ധോണിയുടെ അവസരോചിത പ്രകടനമാണ് ധോണിയുടെ ഹൈലൈറ്റ് എന്നാണ് വിലയിരുത്തലുകള്‍. മാത്രവുമല്ല, ക്യാപ്റ്റന്‍സിയില്‍ തന്നെ ധോണിയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

ധര്‍മശാലയില്‍ ഇന്ത്യ തോറ്റ മത്സരത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയതും ധോണിയാണ്. മധ്യനിരയില്‍ ധോണിയോളം മികച്ച പ്രകടനം നടത്താന്‍ യുവതാരങ്ങള്‍ക്ക് സാധിക്കുമോ എന്ന സംശയം ധോണിയുടെ മികവ് വിലയിരുത്തുമ്പോള്‍ ആരാധകര്‍ക്ക് മനസിലാകും.

ധര്‍മശാലയില്‍ ശ്രീലങ്കന്‍ ബോളിങ് ആക്രമണത്തിന് മുന്നില്‍ അടിതെറ്റിയ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ ധോണിക്കു മാത്രമാണ് സാധിച്ചത്. അതും, ഇന്ത്യയുടെ വാലറ്റക്കാര്‍ക്കൊപ്പം. ഇതിനിടിയില്‍ ഡിആര്‍എസ് വിളിക്കാനുള്ള ധോണിയുടെ തീരുമാനം പോലെ ഒന്ന് മറ്റേത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചിട്ടുമുണ്ട്.

2019ല്‍ നടക്കുന്ന ലോകകപ്പിന് മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഇന്ത്യയ്ക്ക് പരീക്ഷിക്കാന്‍ സമയമായെന്ന് ആരാകര്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും മധ്യനിരയില്‍ ധോണിയോളം പോലൊരു താരത്തെതപ്പുകയാണ് മാനേജ്‌മെന്റെന്നാണ് സൂചന. ടീം ഇന്ത്യയുടെ നെടും തൂണ്‍ ആരെന്നുള്ള ചോദ്യത്തിന് റോഹിത്ത് ശര്‍മ തന്നെ ഉത്തരം നല്‍കിക്കഴിഞ്ഞു. അതു ധോണിയാണെന്ന്. വര്‍ഷങ്ങളായി ധോണിയാണ് ടീമിന്റെ നിര്‍ണായക സാന്നിധ്യം. ഇനിയും തുടരും. ടീം ഇന്ത്യ ധോണിയിലര്‍പ്പിക്കുന്ന വിശ്വാസമാണ് രോഹിത്തിന്റെ വാക്കുകളിലുള്ളതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.