ഇന്ത്യയുടെ ലോര്‍ഡ് ടെസ്റ്റ് വിജയത്തിന്റെ ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ക്കിടെ, ‘ഷര്‍ട്ടൂരി വീശിയ ഞങ്ങടെ ക്യാപ്റ്റനോളം വരുമോ ‘ എന്ന് ഗാംഗുലിയെ പരിഹസിച്ചു കൊണ്ടുള്ള പുതിയ തലമുറയുടെ അഭിപ്രായപ്രകടനങ്ങളും കണ്ടു.
ഒരു 326 റണ്‍സ് ചെയ്സ് ചെയ്ത് ജയിച്ചപ്പോള്‍ ഷര്‍ട്ടൂരി കറക്കിയതിനെ നാളുകള്‍ക്കിപ്പുറവും ഇത്രയും ആഘോഷിക്കേണ്ടതുണ്ടോ? സച്ചിന് വിരമിച്ചു ഇത്രയും വര്‍ഷം കഴിഞ്ഞില്ലേ, ഇനിയും അങ്ങേരെ കുറിച്ച് ഇത്രയ്ക്ക് പൊലിപ്പിക്കണോ??
ടീം ഇന്ത്യയ്ക്ക് ജയം ഒരു ശീലമായ ഈ കാലത്ത്, എത്ര വലിയ സ്കോറും ചെയ്സ് ചെയ്യപ്പെടുന്ന കുട്ടിക്രിക്കറ്റിന്റെ വര്‍ത്തമാനകാലത്ത്, ഞങ്ങള്‍ നയന്റീസ് കിഡ്സ് എഴുതുന്നതും, പറയുന്നതും, ഗ്ലോറീഫൈ ചെയ്യുന്നതും ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും അരോചകമായി തോന്നിയേക്കാം..
മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും, ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ ‘Numbers Do lie’ എന്നൊരു പുസ്തകമുണ്ട്. ക്രിക്കറ്റിനെ വെറും അക്കങ്ങളുടെയും, കണക്കുകളുടെയും അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നതിലെ നിരര്‍ത്ഥകതയെ തുറന്നു കാണിക്കുന്ന പുസ്തകമാണത്.
അതെ കണക്കുകള്‍ പലപ്പോഴും കള്ളം പറയും. കണക്കുകള്‍ മാത്രം നോക്കുകയാണെല്, 173 പന്തില്‍ രോഹിത് നേടിയ 264 റണ്‍സിന്റെ അടുത്തെങ്ങും വരില്ല, ഷാര്‍ജയിലെ ആ ഇരുണ്ട രാത്രിയില്‍, അതും ഇന്ത്യ തോറ്റ മത്സരത്തില്‍, മണല്‍ കാറ്റിനേയും, ഓസ്ട്രേലിയന്‍ ബൗളിംങ്ങിനെയും അതിജീവിച്ചു സച്ചിന് 131 പന്തില്‍ നേടിയ ആ 143 റണ്‍സ്. അമീര്‍ സുഹയ്ലിന്റെ കുറ്റി എറിഞ്ഞു കളഞ്ഞതിന് ശേഷം പവലിയനിലേക്ക് കൈ ചൂണ്ടിയ വെങ്കഡേശ് പ്രസാദിനെ വര്‍ണിക്കാന്‍, 10-0-45-3 വിക്കറ്റ് എന്ന ആ ബൗളിംഗ് അനാലിസിസ് കൊണ്ടാവില്ല.
ധോണിയുടെ ഹെലികോപ്റ്ററിന്റെ വിസ്ഫോടനാത്മകഥയൊ, കോഹ്ലിയുടെ കവര്‍ ഡ്രൈവിന്റെ മനോഹാരിതയൊ അവകാശപ്പെടാനില്ലാത്ത, ഹൃഷികേശ് കനിത്ക്കര്‍ കളിച്ച ഒരു സ്ലോഗ് സ്വീപ്പ് ഷോട്ട് നേടി തന്ന നാലുറണ്‍സിന്റെ വിലമനസിലാക്കാന്‍, 12 പന്തില്‍ 11 റണ്‍സ് എന്ന അന്നത്തെ അദ്ദേഹത്തിന്റെ സ്കോര്‍ അനാലിസിസ് കൊണ്ടുമാവില്ല.
ചില ക്രിക്കറ്റ് നിമിഷങ്ങള്‍, അതൊരു ബൗണ്ടറിയാവാം, വിക്കറ്റാവാം, സെലിബ്രേഷനാവാം, അല്ലെങ്കില്‍ ഒരു ഇന്നിങ്സ് ആവാം.. അത് ലൈവായി കണ്ട് ആസ്വദിച്ചവര്‍ക്കേ അതിന്റെ ആര്‍ദ്രത മനസിലാവുകയൊള്ളു. ഒരു ഷോട്ടിന്റെ ടൈമിംഗ് ആ ഷോട്ടിനെ എത്രത്തോളം മനോഹരമാക്കുന്നുവോ, അതുപോലെ തന്നെ, ചില ക്രിക്കറ്റ് നിമിഷങ്ങളുടെ ടൈമിംഗ് ആ നിമിഷങ്ങളെ അനശ്വരമാക്കുന്നു. അതുകൊണ്ട്, പഴയ തലമുറയെ പുച്ഛിക്കുന്ന പുതുതലമുറയോട്, കക്കാട് എഴുതിയത് തന്നെ പറയുന്നു,
‘കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..
നമുക്കിപ്പോഴീയാര്‍ദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേല്ക്കാം
വരിക സഖി
അരികത്തു ചേര്‍ന്നു നില്ക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം അന്യോന്യം ഊന്നു
വടികളായ് നില്ക്കാം..’
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍