പാകിസ്ഥാനെതിരെ ഗില്ലിനെ കളിപ്പിക്കരുത്, പകരം അവനെ ഇറക്കണം; നിര്‍ദ്ദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

പാകിസ്ഥാനുമായുള്ള ഏഷ്യാ കപ്പിലെ ഇന്ത്യയുടെ കന്നിയങ്കത്തിലെ മത്സരത്തില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കരുതെന്ന് മുന്‍ താരവും ബാറ്റിംഗ് കോച്ചുമായിരുന്ന സഞ്ജയ് ബാംഗര്‍. കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ടീമിലിടം നേടുമെന്നതിനാല്‍ ടീം സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ബാംഗര്‍ ഇങ്ങനൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഓപ്പണറായാല്‍ മാത്രമേ ബാറ്ററെന്ന നിലയില്‍ ഇഷാനെ പൂര്‍ണമായി ഉപയോഗിക്കാന്‍ ഇന്ത്യക്കു സാധിക്കുകയൂള്ളൂ. അതുകൊണ്ടു തന്നെ മറ്റൊരു പൊസിഷനിലും കളിപ്പിക്കരുത്. ഏകദിനത്തില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടുള്ള ആറ് ഇന്നിംഗ്സുകളില്‍ ഇഷാന് 70 എന്ന മികച്ച ശരാശരിയുണ്ട്. പക്ഷെ മധ്യനിരയില്‍ 10 ഇന്നിംഗ്സുകളില്‍ വെറും 30 മാത്രമാണ് ശരാശരി-ബാംഗര്‍ ചൂണ്ടിക്കാട്ടി.

ഗില്ലിന്റെ ഏകദിന കരിയറെടുക്കുകയാണെങ്കില്‍ 27 ഇന്നിംഗ്സുകളില്‍നിന്നും 62.48 എന്ന മികച്ച ശരാശരിയില്‍ താരം 1437 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ഡബിള്‍ സെഞ്ച്വറിയും നാലു സെഞ്ച്വറിയും ആറു അര്‍ദ്ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 208 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 16 ഇന്നിംഗ്സുകളില്‍നിന്നും ഇഷാന്‍ 46.27 ശരാശരിയില്‍ നേടിയത് 694 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും ആറു അര്‍ദ്ധ സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ശനിയാഴ്ചയാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം.