നീ സംസാരിക്കെടാ മുത്തേ, സഞ്ജുവിനായി അവസരമൊരുക്കി ഹാർദിക്; 'ബ്രോമാൻസ്' വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ഇന്നലെ നടന്ന ലോകകപ്പ് വിക്ടറി പരേഡിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ലോകകപ്പ് വിജയം ആരാധകർ ആഘോഷിക്കുമ്പോൾ മുംബൈയിലെ മറൈൻ ഡ്രൈവ് നിറഞ്ഞിരുന്നു. ക്രിക്കറ്റ് താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ നിരവധി ആരാധകരാണ് എത്തിയത്.

കനത്ത മഴയും ബുദ്ധിമുട്ടുകളും ഒകെ ഉണ്ടെങ്കിലും കളിക്കാർ തങ്ങളുടെ ആരാധകരെ അഭിവാദ്യം ചെയ്യാനും അവരുടെ വിജയം ആഘോഷിക്കാനും ഒരുപോലെ ആവേശത്തിലായിരുന്നു. താരങ്ങൾ വന്നിറങ്ങിയ ഡൽഹി എയർപോർട്ട് മുതൽ ഇന്നലെ ആഘോഷ പരിപാടികൾ നടന്ന മുംബൈ സ്റ്റേഡിയം വരെ ആളുകൾ ഇന്ത്യൻ ടീമിനെ കാണാൻ തടിച്ചുകൂടി. ആളുകളെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ശരിക്കും പാടുപെട്ടു എന്നും പറയാം.

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണും ഉൾപ്പെടുന്ന ഒരു ക്ലിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ലോകകപ്പ് ഫൈനലിന് ശേഷമുള്ള അവരുടെ ‘ബ്രോമാൻസ്’ ആണ് വീഡിയോ കാണിക്കുന്നത്. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം പാണ്ഡ്യയുടെ അഭിമുഖത്തിന് ഇടയിലേക്ക് ആഞ്ഞു വരുക ആയിരുന്നു.

“ലോക ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ട്. ഈ സമയമത്രയും ഞങ്ങൾ അത് നൽകുകയായിരുന്നു, ഇപ്പോൾ അത് തിരികെ എടുക്കാനുള്ള സമയമായി. അതിനാൽ ക്രിക്കറ്റ് അത് ഞങ്ങൾക്ക് തിരികെ നൽകി. ബാർബഡോസിൽ എന്തായാലും ഞങ്ങൾക്ക് നല്ല സമയം ആരംഭിച്ചു”സാംസൺ പറഞ്ഞു.

ഹാർദിക് സംസാരിക്കുന്നതിന് ഇടയിലേക്ക് ഉള്ള സഞ്ജുവിന്റെ വരവും പ്രതികരണവും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.