ലൗവേല്‍ കുര്യന്‍
ടീമിലെ എട്ട് പേര്‍ പൂജ്യത്തിന് പുറത്ത്. ഒന്നാം ഇന്നിംഗ്സില്‍ ആകെ സ്‌കോര്‍ 15! ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബാറ്റിങ് പ്രകടനം 100 വര്‍ഷം മുന്‍പാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍.
1922 ജൂണ്‍ 24. ഹാംഷയര്‍, വാര്‍വിക്ഷയര്‍ എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരം അന്നാണ് തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്ഷയര്‍ 223 ന് ഓള്‍ഔട്ടായി. വലിയ സ്‌കോറല്ല. ഒന്നാം ഇന്നിംഗ്‌സില്‍ നല്ല ലീഡ് അടിച്ചെടുക്കാം. ആ പ്രതീക്ഷയിലാണ് ഹാംഷയര്‍ ബാറ്റിങ് തുടങ്ങിയത്.
എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഓവറില്‍ ഓരോ വിക്കറ്റ് വീണു. സ്‌കോര്‍ അപ്പോഴും പൂജ്യം. അഞ്ചാമത്തെ ഓവറില്‍ രണ്ട് വിക്കറ്റ് കൂടി വീണു. സ്‌കോര്‍ അഞ്ചു വിക്കറ്റിന് അഞ്ചു റണ്‍സ്. വൈകാതെ സ്‌കോര്‍ എട്ട് വിക്കറ്റ് ന് പത്തു റണ്‍സായി. ഒമ്പതാമത്തെ ഓവറില്‍ 15 ന് ഓള്‍ഔട്ട്!
വാര്‍വിക്ഷയര്‍ ക്യാപ്റ്റന്‍ ഹാംഷെയറിനോട് ഫോളോഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ലയണല്‍ ഡെന്നിസെണ്‍ ആയിരുന്നു ഹാംഷെയര്‍ ന്റെ ക്യാപ്റ്റന്‍. ലോകപ്രശസ്ത കവി ആല്‍ഫ്രഡ് ടെന്നിസന്റെ പേരക്കുട്ടി! രണ്ടാമതും ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ആ നായകന് ഒരു കുലുക്കവുമില്ലായിരുന്നു. അദ്ദേഹം ടീമംഗങ്ങളോട് പറഞ്ഞു : ‘നമ്മള്‍ ഇത്തവണ അഞ്ഞൂറു റണ്‍സടിക്കും.’
ഒന്നാം ദിവസത്തെ കളി കഴിയുമ്പോള്‍ ഹാംഷയര്‍ രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റിന് 98 റണ്‍സ്. അപ്പോഴും 110 റണ്‍സ് പിന്നിലാണ്.. അന്നു വൈകുന്നേരം വാര്‍വിക്ഷയര്‍ ക്യാപ്റ്റന്‍ ഫ്രഡി കാല്‍തോര്‍പ്പ് ടെന്നിസനെ കളിയാക്കാനായി പറഞ്ഞു: ‘നാളെ കളി നേരത്തെ തീര്‍ന്നാല്‍ ഗോള്‍ഫ് കളിക്കാന്‍ പോകാമല്ലോ.’ ടെന്നിസന്റെ ചോര തിളച്ചു.
പിറ്റേന്ന് കളി മാറി. ദിവസം മുഴുവന്‍ ബാറ്റ് ചെയ്ത ഹാംഷയര്‍ 9 വിക്കറ്റിന് 475 റണ്‍സ് എടുത്തു. മൂന്നാം ദിവസം ബാറ്റിങ് തുടര്‍ന്ന അവര്‍ 521 റണ്‍സിനാണ് പുറത്തായത് ! അവസാന വിക്കറ്റിന് 70 റണ്‍സ് അടിച്ചു..!
തുടര്‍ന്ന് ബാറ്റ് ചെയ്ത വാര്‍വിക്ഷയര്‍ 158 റണ്‍സിന് പുറത്തായി! ഹാംഷയറിനു 155 റണ്‍സിന്റെ വിജയം! 15 ന് പുറത്തായ ടീമിന്റെ വിജയം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവുകളില്‍ ഒന്നായിരുന്നു..
Read more
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7