ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിനാറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) അത്ഭുതകരമായ വിജയം നേടിയിരുന്നു . സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ റാഷിദ് ഖാന്റെ ഹാട്രിക്കിന് ശേഷം അവസാന രണ്ട് ഓവറിൽ 43 റൺസ് വേണ്ടിയിരുന്നപ്പോൾ, ആരും കെകെആറിന് സാധ്യത നൽകിയിരുന്നില്ല. എന്നിരുന്നാലും, 25 കാരനായ റിങ്കു സിംഗ് വിശ്വസിച്ച് താൻ നേരിട്ട അവസാന 7 പന്തിൽ 40 റൺസ് അടിച്ച് കെകെആറിനെ അവർ പോലും വിചാരിക്കാത്ത നേട്ടത്തിലേക്ക് എത്തിച്ചു. അവസാന ഓവറിൽ 29 റൺസ് വേണ്ടിയിരുന്നതോടെ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അസംഭവ്യമായ വിജയങ്ങളിലൊന്നിലേക്ക് നയിച്ചപ്പോൾ കൊൽക്കത്ത ക്യാമ്പ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു
എന്നിരുന്നാലും, ഒരു കോണിൽ ആഹ്ളാദമുണ്ടായപ്പോൾ അവസാന ഓവർ എറിഞ്ഞ ഇടതുകൈയ്യൻ പേസർ യഷ് ദയാൽ നിസഹനായി മുഖം പൊതി ഇരിക്കുക ആയിരുന്നു. അയാളുടെ മനസിൽ അപ്പോൾ അനേകം ചിന്തകൾ കടന്നുപോയിട്ട് ഉണ്ടാകാം എന്നുറപ്പാണ്. കാരണം ജയം ഉറപ്പിച്ച തന്റെ ടീമിനെ തോൽവിയിലേക്ക് തള്ളിവിട്ടതിലുള്ള കുറ്റബോധം അയാളെ അലട്ടും. ഉത്തർപ്രദേശ് ടീമിൽ റിങ്കുവിന്റെ സഹതാരമായ ഇടംകൈയ്യൻ യാഷ് , റിങ്കുവിന് മുന്നിൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എന്നാണ് പറഞ്ഞത്.
കൂടുതൽ ആളുകളും ദയാലിനെ ചെണ്ട ബോളർ എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോൾ ആശ്വാസ വാക്കുകളുമായി എത്തിയത് കെകെആർ ടീം ആയിരുന്നു. മത്സരത്തിന് ശേഷം, ദയാലിന് ഇതൊരു ഓഫ് ഡേ ആയിരുന്നെന്നും എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണെന്നുംനിങ്ങൾ ഒരു ചാമ്പ്യൻ ആയതിനാൽ താനെ മനോഹരമായി തിരിച്ചുവരുമെന്നുള്ള അഭിപ്രായമാണ് ടീം പറഞ്ഞത്.
എന്തായാലും ഈ ഒറ്റ ട്വീറ്റോട് കൂടി കൊൽക്കത്ത ജനഹൃദയങ്ങളിലേക്ക് കയറുക ആണ് . ഇങ്ങനെയാകണം ഈ അവസ്ഥയിൽ ആ താരത്തോട് പെരുമാറേണ്ടത് എന്നൊക്കെയാണ് കൂടുതൽ ആരാധകരും പറയുന്നത്.