ഒരുങ്ങിയിരുന്നോ ഓസീസ് കോഹ്‌ലിയുമായിട്ടുള്ള അങ്കത്തിന്, കാണാൻ പോകുന്നത് കിങ്ങിന്റെ പുതിയ മോഡ്; താരം നെറ്റ്സിൽ നൽകിയത് വമ്പൻ സൂചന

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഫോമിലേക്ക് തിരിച്ചെത്താൻ വിരാട് കോഹ്‌ലി നെറ്റ്‌സിൽ കഠിന പരിശീലനത്തിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റിൽ കോഹ്‌ലിക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും സംബാധിക്കാൻ ആയിട്ടില്ല. കിവീസ് പരമ്പരയിൽ താരം തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അവിടെ 6 ഇന്നിങ്സിൽ നിന്ന് നേടാനായത് 93 റൺ മാത്രമാണ്.

പെർത്തിൽ നടന്ന പരിശീലനത്തിനിടെ നല്ല മഴ പെയ്തിട്ടും കോഹ്‌ലി നെറ്റ്‌സ് വിടാതെ പരിശീലനം തുടർന്നു. മറ്റെല്ലാ താരങ്ങളും പരിശീലനം നിർത്തിയിട്ടും കോഹ്‌ലി പരിശീലനം തുടർന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇന്ത്യ WACA യിൽ പരിശീലനം നടത്തുന്നുണ്ട്. ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ കെ എൽ രാഹുലിനും ശുഭ്മാൻ ഗില്ലിനും പരിശീലനത്തിനിടെ പരിക്ക് പറ്റിയിരുന്നു. ഇതിൽ ഗിൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കുന്നില്ല. ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ആദ്യ മത്സരത്തിനില്ല.

കൈമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായ രാഹുൽ ഇലവൻ്റെ ഭാഗമാകും. പരിശീലന സെഷനിൽ തൻ്റെ ഫോം കൊണ്ട് അദ്ദേഹം മാനേജ്മെൻ്റിനെ ആകർഷിച്ചു. അതേസമയം, ടെസ്റ്റ് ടീമിലെ സ്ഥാനം തന്നെ ചോദ്യത്തിലായ വിരാട് തന്നെ പുറത്താക്കണം എന്ന് ആവശ്യപെട്ടവർക്കുള്ള മറുപടി നല്കാൻ ഒരുങ്ങുകയാണ്.

തൻ്റെ അവസാന ഓസ്‌ട്രേലിയൻ പര്യടനം അവിസ്മരണീയമാക്കാൻ അദ്ദേഹം ഒരുങ്ങുന്നു. മഴയെ പോലും വക വെക്കാതെയുള്ള താരത്തിന്റെ പരിശീലനം പ്രതീക്ഷ നൽകുന്നതാണ്. നവംബർ 22 ന് ആദ്യ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പരിശീലനത്തിൻ്റെ ഓരോ മിനിറ്റും ഉപയോഗപ്പെടുത്തുന്നു.

2024-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ തൻറെ മികവ് കോഹ്‌ലി ഈ പരമ്പരയിൽ തുടരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.