ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിലേക്കുള്ള മെഗാ ലേലം ഇന്നും നാളെയുമായി നടക്കാനിരിക്കെ താരങ്ങളും ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്. 500 നു മുകളിൽ താരങ്ങൾ വലിയ പ്രതീക്ഷയോടെ ഇത്തവണത്തെ ലേലത്തെ ആകാംക്ഷയിൽ ഉറ്റുനോക്കുകയാണ്.
എന്തായാലും ലേലം നടക്കാനിരിക്കെ ഇതുവരെയുള്ള സീസണുകൾ തീപിടിപ്പിച്ച വിവാദങ്ങളെയും നമുക്ക് ഒന്ന് നോക്കാം:
ആർസിബി കൊൽക്കത്ത പോര്
മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിനെ ടീമിൽ കിട്ടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ബിഡിംഗ് യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ 2014 ലെ ഐപിഎൽ ലേലത്തിൽ നാടകീയത അരങ്ങേറി. ബാംഗ്ലൂർ 10 കോടി രൂപക്ക് യുവിയെ ടീമിൽ എടുത്തെന്ന് തോന്നിച്ച സമയത്തായിരുന്നു തങ്ങൾ ബിഡ് ചെയ്ത കാര്യം ലേലം നടത്തുന്ന ആൾ ശ്രദ്ധിച്ചില്ല എന്ന വധവുമായി കൊൽക്കത്ത എത്തിയത്.
പ്രാരംഭ പ്രതിഷേധങ്ങൾക്കിടയിലും, ലേലം പുനരാരംഭിച്ചു, ഓൾറൗണ്ടറുടെ സേവനം ഉറപ്പാക്കാൻ RCB 4 കോടി രൂപ കൂടി നൽകാൻ നിർബന്ധിതരായി. ബാംഗ്ലൂർ ഇതിനെതിരെ പരാതിപ്പെടുകയും ചെയ്തു. ആർസിബിയ്‌ക്കൊപ്പമുള്ള ഏക സീസണിൽ യുവരാജ് 14 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾക്കൊപ്പം 376 റൺസ് നേടി.
ഫ്ലിന്റോഫും വിവാദവും
മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിൻ്റോഫ് ചെന്നൈ സൂപ്പർ കിംഗ്സുമായി 1.55 മില്യൺ യുഎസ് ഡോളറിൻ്റെ കരാർ ഉറപ്പിച്ച് ആ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി മാറിയപ്പോൾ 2009 ലെ ഐപിഎൽ ലേലം വാർത്തകളിൽ ഇടംനേടി. എന്നിരുന്നാലും, മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദി അതിൻ്റെ നിയമസാധുതയെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയതോടെ ലേലം പിന്നീട് വിവാദത്തിലായി.
ഫ്ലിൻ്റോഫിനെ സിഎസ്‌കെ എടുത്തത് കൃത്രിമം കാണിച്ചെന്ന് മോദി അവകാശപ്പെട്ടു. ചെന്നൈ ഉടമ ശ്രീനിവാസൻ ആകട്ടെ ഇതിനെയൊക്കെ എതിർക്കുകയും ചെയ്തു. എന്തായാലും ഫ്ലിൻ്റോഫിൻ്റെ ഐപിഎൽ പരിക്കിനെത്തുടർന്ന് മൂന്ന് മത്സരങ്ങൾക്ക് ശേഷം നിൽക്കുകയും ചെയ്തു.
പൊള്ളാർഡും രഹസ്യവും
2010 ലെ ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗ്യം എന്നെന്നേക്കുമായി മാറ്റിമറിച്ച രസകരമായ ഒരു ലേല യുദ്ധം കണ്ടു. കീറോൺ പൊള്ളാർഡിനായി നാല് ഫ്രാഞ്ചൈസികൾക്കിടയിൽ ഒരു പോരാട്ടം നടന്നു. മുംബൈ, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, എല്ലാം 750,000 ഡോളറിൻ്റെ പരമാവധി ബിഡ് ക്യാപ്പിലെത്തി.
ഇതിനെത്തുടർന്ന്, ടീമുകൾ സീൽ ചെയ്ത ബിഡ്ഡുകൾ സമർപ്പിച്ച രഹസ്യ ടൈ ബ്രേക്കർ നടന്നു, മുംബൈ ഇന്ത്യൻസ് വിജയിച്ചു. അന്തിമ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അന്നത്തെ ഐപിഎൽ കമ്മീഷണർ ലളിത് മോദിക്കും ഫ്രാഞ്ചൈസിക്കും മാത്രമേ ഇത് അറിയൂ.
ചാരു ശർമ്മയുടെ അശ്രദ്ധ
2022 ലെ ഐപിഎൽ ലേലത്തിലെ ഒരു നിമിഷത്തെ ആശയക്കുഴപ്പം, പേസർ ഖലീൽ അഹമ്മദിൻ്റെ കാര്യത്തിൽ ചാരു ശർമയ്ക്ക് വന്ന പിഴവ് വലിയ പ്രശ്നത്തിലേക്ക് നയിച്ചു. ഇടങ്കയ്യൻ പേസർക്കായി മുംബൈ ഇന്ത്യൻസ് 5.25 കോടി രൂപയ്ക്ക് ലേലം ആരംഭിച്ചു. ഡൽഹി ക്യാപിറ്റൽസിൻ്റെ സഹ ഉടമ കിരൺ കുമാർ ഗ്രാന്ധി തൻ്റെ ബിഡ് 5.5 കോടി രൂപയ്ക്ക് ഉയർത്തി, എന്നാൽ ശർമ്മ അത് ഡിസിയുടെ ഓപ്പണിംഗ് ബിഡ് ആയി തെറ്റായി വ്യാഖ്യാനിച്ചു.
ഗ്രാന്ധി കാത്തിരിക്കാൻ സൂചന നൽകിയതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി, SRH ഉയർത്തിയ ബാറ്റൺ കാണാതെ ഇരുന്ന ശർമ്മ ഡിസിക്ക് 5 . 25 കോടിക്ക് താരത്തെ ഡൽഹിക്ക് കൈമാറി. 2022 സീസണിൽ ഡിസിക്ക് വേണ്ടി 10 മത്സരങ്ങൾ കളിച്ച ഖലീൽ 16 വിക്കറ്റ് വീഴ്ത്തി.
പ്രീതി സിന്റയുടെ മണ്ടത്തരവും വിവാദവും
2024 ലെ ലേലത്തിലാണ് ഏറ്റവും വലിയ ഐപിഎൽ ലേല വിവാദങ്ങളിലൊന്ന് നടന്നത്. പഞ്ചാബ് കിംഗ്‌സ് അൺക്യാപ്പ്ഡ് ഓൾറൗണ്ടർ ശശാങ്ക് സിംഗിനായി അവരുടെ ബിഡ് ഉയർത്തി. ശശാങ്ക് എന്ന് പേരുള്ള മറ്റൊരു താരത്തിനായിട്ടാണ് അവർ ശ്രമിച്ചത്. എന്നാൽ അവർ ബിഡ് ഉയർത്തിയത് 33 വയസുള്ള മറ്റൊരു ശശാങ്കിനായിട്ടാണ്. ഉടമകളായ പ്രീതി സിൻ്റയും നെസ് വാഡിയയും തെറ്റ് തിരുത്താൻ ശ്രമിച്ചെങ്കിലും, ഐപിഎൽ നിയമങ്ങൾ ഉറച്ചുനിന്നത്തോടെ അവർക്ക് അദ്ദേഹത്തെ മേടിക്കേണ്ടതായി വന്നു.
ഈ പിഴവ് പിന്നെ ഒരു മാസ്റ്റർസ്ട്രോക്ക് ആകുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ആർസിബിക്കെതിരായ അരങ്ങേറ്റത്തിൽ 8 പന്തിൽ 21 റൺസാണ് ശശാങ്ക് അടിച്ചുകൂട്ടിയത്. 164.65 സ്‌ട്രൈക്ക് റേറ്റിൽ 354 റൺസ് നേടി സീസണിൽ ഒരു വിക്കറ്റും വീഴ്ത്തി. 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി 5.5 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് അവരുടെ നിലനിർത്തലുകളിൽ ഒന്നായി തിരഞ്ഞെടുത്തതും ഈ താരത്തെ തന്നെ ആയിരുന്നു.