ലാഹോര്‍: ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍ കൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പാക് നായകന് റഷീദ് ലത്തീഫ്. 2004ല്‍ ബിസിസിഐക്ക് താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യയെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും ലത്തീഫ് ഓര്‍ക്കുന്നു.
മുന്‍ ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബിസിസിഐ അധ്യക്ഷനായും ഗാംഗുലിക്ക് പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെയും പിസിബി തലവന്‍ എഹ്സാന്‍ മാനിയെയും സഹായിക്കാന്‍ സാധിക്കുമെന്നും ലത്തീഫ് വിലയിരുത്തുന്നു.
ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടു പോകില്ല. ലോകത്തിന് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വന്‍ ശക്തികള്‍ പാക്കിസ്ഥാനിലെത്തി കളിക്കാന്‍ പിസിബി സിഇഒ വസീം ഖാന് ഇടപെടണം. എങ്കില്‍ മാത്രമേ പാക്ക് ക്രിക്കറ്റിനും കളിക്കാര്‍ക്കും അതു സഹായകരമാകുമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു.
ഐസിസി വേദികളില്‍ അല്ലാതെ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞത്. അതിന് ശേഷം 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാകിസ്ഥാനില്‍ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ഒരു ടീമും പാകിസ്ഥാനില്‍ കളിക്കാതെയായി.
Read more
എന്നാല്‍ ഈ വര്‍ഷം വീണ്ടും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ ലോകടീമുകള്‍ തയ്യാറായിട്ടുണ്ട്. ശ്രീലങ്കയാണ് ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ പാകിസ്ഥാനിലേക്ക് 10 വര്‍ഷത്തിന് ശേഷം ആദ്യമെത്തിയത്.