'ദൈവം ചിലപ്പോള്‍ നേരത്തേ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ടാവും'; ഐ.പി.എല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുരളി കാര്‍ത്തിക്

ഐപിഎല്‍ 16ാം സീസണിലെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഫൈനലില്‍ ആരൊക്കെ നേര്‍ക്കുനേര്‍ എത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവിധി മുന്‍താരങ്ങള്‍ ഇതിനോടകം ഇതില്‍ അഭിപ്രായം പറഞ്ഞ് രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ ഫൈനലില്‍ ഏത് ടീമുകളാണ് നേര്‍ക്കുനേര്‍ വരിക എന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം മുരളി കാര്‍ത്തിക്.

ഇതു എംഎസ് ധോണിയുടെ അവസാനത്തെ സീസണ്‍ ആണെങ്കില്‍ ദൈവം ചിലപ്പോള്‍ നേരത്തേ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ടാവും. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ മികച്ച പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചിട്ടുള്ളത്. ശക്തമായ ബോളിംഗ് നിര പോലുമില്ലാത്ത ഒരു ടീമിനെ വളരെ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്തത്.

അതുകൊണ്ടു തന്നെ ഫൈനലിലെ ഒരു ടീം സിഎസ്‌കെയാവുമെന്നു ഞാന്‍ കരുതുന്നു. രണ്ടാമത്തെ ടീം രാജസ്ഥാന്‍ റോയല്‍സായിരിക്കും. വളരെ ബാലന്‍സുള്ള ശക്തമായ ടീമാണ് അവരുടേത്. ഒരിക്കല്‍ക്കൂടി അവര്‍ ഫൈനലിലെത്തുമെന്നു പ്രതീക്ഷിക്കുന്നു- മുരളി കാര്‍ത്തിക് പറഞ്ഞു.

നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, റണ്ണറപ്പായ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.