ഗപ്റ്റില്‍ തകര്‍ത്തടിച്ചു; ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍

ടി20 ക്രിക്കറ്റ് ലോക കപ്പിലെ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് കൈവിട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

പരിചയസമ്പന്നനായ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വമ്പനടികളാണ് ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചത്. ഡാരല്‍ മിച്ചല്‍ (13), കെയ്ന്‍ വില്യംസണ്‍ (0), ഡെവൊന്‍ കോണ്‍വേ (1) എന്നിവരെ നഷ്ടപ്പെട്ട് ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ് പതറിയതാണ്. എന്നാല്‍ സ്‌കോട്ടിഷ് ബോളര്‍മാരെ കടന്നാക്രമിച്ച ഗപ്റ്റില്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ ചലിപ്പിച്ചു. ഗ്ലെന്‍ ഫിലിപ്‌സും ഗപ്റ്റിലിന് മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഫിലിപ്‌സിനെ (33) വീഴ്ത്തി ബ്രാഡ് വീലാണ് ഈ സഖ്യം പൊളിച്ചത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗപ്റ്റിലിനെയും (56 പന്തില്‍ 93) തൊട്ടടുത്ത പന്തില്‍ പുറത്താക്കിയ വീല്‍ കിവികളെ പിന്നോട്ടടിച്ചു. ആറ് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിംഗ്‌സ്. പതിനേഴാം ഓവറിന് ശേഷം ന്യൂസിലന്‍ഡിന് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. അവസാന മൂന്ന് ഓവറില്‍ വെറും 22 റണ്‍സ് മാത്രമാണ് സ്‌കോട്ട്‌ലന്‍ഡ് വഴങ്ങിയത്. വീലിന് പുറമെ സഫയാന്‍ ഷെരീഫും സ്‌കോട്ട്‌ലന്‍ഡിനായി രണ്ട് വിക്കറ്റ് പിഴുതു. മാര്‍ക്ക് വാറ്റിന് ഒരു വിക്കറ്റ് ലഭിച്ചു.

Read more