കൂട്ടം തെറ്റിപ്പോയ സിംഹകുട്ടികളെ ഒരുമിച്ചു നിര്‍ത്തി വേട്ടയാടാന്‍ പഠിപ്പിച്ച നായകന്‍, ഒരു കാലഘട്ടത്തിന്‍റെ തന്നെ വികാരമായ ദാദയ്ക്ക് 52ാം ജന്മദിനം

കപ്പുകളുടെ എണ്ണവും വലുപ്പവും നോക്കി ഇന്ന് കാണുന്ന ക്യാപ്റ്റന്മാരെ വിലയിരുത്തുമ്പോള്‍, ഒരു ജനത നെഞ്ചിലേറ്റിയ ഒരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നു നമുക്ക്.. അദ്ദേഹത്തിന് ഒരുപാട് കപ്പുകളില്‍ മുത്തമിട്ട് പരിചയമില്ല, അദ്ദേഹം ക്യാപ്ടനായിരുന്ന സമയത്ത് ഇന്ത്യ ആ കാലത്തെ ക്രിക്കറ്റ് അടക്കി ഭരിച്ച ഓസ്ട്രേലിയയെ പോലെ വിജയങ്ങളില്‍ തേരോട്ടം നടത്തിയിട്ടില്ല..!

പക്ഷെ 90 കളില്‍ ജനിച്ച ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഞങ്ങളെ പോലുള്ളവരെ അയാള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. ടീമില്‍ വഴിതെറ്റിപ്പോയ സിംഹകുട്ടികളെ ഒന്നിച്ചു നിര്‍ത്തി വേട്ടയാടാന്‍ പഠിപ്പിച്ചു. കോഴ വിവാദത്തില്‍ ലോകത്തിനു മുന്നില്‍ തല താഴ്ത്തിയിരുന്ന ഒരുപറ്റം ആളുകളെ കുറഞ്ഞകാലം കൊണ്ട് തലയുയര്‍ത്തി പിടിച്ച് നടക്കാന്‍ പ്രാപ്തരാക്കി.. യുവതാരങ്ങളെ അണിനിരത്തി വിദേശത്തും ടെസ്റ്റ് വിജയവും പരമ്പരയും നേടി മുന്നേറാമെന്ന് നമുക്ക് കാണിച്ചു തന്നു..!

ദാദ.. നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു നായകന്‍ മാത്രമായിരുന്നില്ല, ക്രിക്കറ്റ് എന്ന വികാരം ജീവശ്വാസമായി കൊണ്ട് നടക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയായിരുന്നു.. ടെണ്ടുല്‍ക്കറും,വീരുവും, ദ്രാവിഡും കൈഫും യുവരാജും സഹീറും ഹര്ഭജനുമൊക്കെ ഉള്‍പ്പെട്ട നിങ്ങളുടെ ടീം എന്തിനും പോന്നവരുടെ ഒരു സംഘമായി വളര്‍ന്നതിന്റെ ഫലമായല്ലേ 2011 ല്‍ നമ്മുടെ ഷെല്‍ഫിലെത്തിയ ആ ലോകകപ്പ്..

അനിവാര്യതയായിരുന്ന ഒരു ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയില്‍ വഴുതി വീണപ്പോഴും ഞങ്ങള്‍ നിങ്ങളെ കുറ്റപ്പെടുത്തിയില്ല.. കാരണം, കോഴ വിവാദത്തില്‍ ലോകത്തിനു മുന്നില്‍ നാണം കെട്ടുനിന്ന ഒരു ജനതയുടെ വികാരത്തെ മുഴുവന്‍ നെഞ്ചേറ്റി ഒരു മുപ്പതുകാരന്‍ യുവാവ് അരക്കെട്ടുറപ്പിച്ചു ഇറങ്ങിയ ഒരു അങ്കം.. അങ്ങിങ്ങായി കൂട്ടം തെറ്റിപ്പോയ സിംഹകുട്ടികളെ ഒരുമിച്ചു നിര്‍ത്തി വേട്ടയാടാന്‍ പഠിപ്പിച്ച നായകന്‍.. അദ്ദേഹം അന്ന് ആ കപ്പ് അര്‍ഹിച്ചിരുന്നു, ആ അതികായന് കീഴില്‍ അണിനിരന്ന പതിനൊന്നുപേരും..

ഇനിയെത്ര തന്നെ ലോകകപ്പ് ഇന്ത്യയില്‍ എത്തിയാലും, ഐസിസി യുടെ മുഴുവന്‍ ട്രോഫികളും കൊണ്ട് വന്ന് ഇന്ത്യന്‍ ഷോക്കേസ് അലങ്കരിച്ചാലും, മരണം വരെ മനസ്സില്‍ നിന്നും മായില്ല 2003 ഫൈനലിലെ തോല്‍വി.. അയാള്‍ അന്ന് തോറ്റുപോയി. അല്ലെങ്കിലും ചരിത്രത്തില്‍ വീരചരിതമെഴുതിയവര്‍ എല്ലാം തന്നെ തോറ്റവരായിരുന്നല്ലോ.. ഒരു ജനതയുടെ നായകന് ജന്മദിനാശംസകള്‍..

എഴുത്ത്: ഫാസില്‍ കൈച്ചേരി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍