'ലോവര്‍ ഓര്‍ഡറില്‍ ഹാര്‍ദിക്കിനൊപ്പം അവന്‍ സെന്‍സേഷണല്‍ ആകുമായിരുന്നു': ടി20 ലോകകപ്പ് ടീമില്‍നിന്ന് മാച്ച് വിന്നറെ ഒഴിവാക്കിയതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് ഹര്‍ഭജന്‍ 

2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവയ്ക്കെതിരെ മികച്ച വിജയങ്ങളോടെ ടീം അജയ്യരാണ്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഗ്ലോബല്‍ ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിങ്കു സിംഗിനെ ഒഴിവാക്കിയത് എല്ലാവരും ചോദ്യം ചെയ്തു. റിസര്‍വ് കാറ്റഗറിയില്‍ ഇടംപിടിച്ചെങ്കിലും താരം പ്ലെയിംഗ് ഇലവനില്‍ കളിക്കാന്‍ അര്‍ഹനായിരുന്നു.

ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും റിങ്കിവിനെ തഴഞ്ഞ തീരുമാനത്തില്‍ ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് അസ്വസ്തനായി തുടരുകയാണ്. താരത്തെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തിന് നേരെ അദ്ദേഹം വീണ്ടും ആഞ്ഞടിച്ചു. താഴ്ന്ന ബാറ്റിംഗ് ഓര്‍ഡറില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം റിങ്കുവും ഒരു മുതല്‍ക്കൂട്ടാകുമായിരുന്നുവെന്ന് വെറ്ററന്‍ കരുതി.

റിങ്കു സിംഗിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലോകകപ്പില്‍ കളിക്കേണ്ടതായിരുന്നു. ഡെത്ത് ഓവറുകളില്‍ ഇഷ്ടം പോലെ സിക്സറുകള്‍ അടിക്കാന്‍ ടീമിന് ഇത്തരം താരങ്ങളെ വേണം.

ലോകകപ്പ് അവസാനിക്കാന്‍ പോകുകയാണെന്ന് എനിക്കറിയാം, പക്ഷേ റിങ്കു പുറത്ത് ഇരിക്കുന്നത് നല്ലതല്ല. ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം അദ്ദേഹം സെന്‍സേഷണല്‍ ആകുമായിരുന്നു- ഹര്‍ഭജന്‍ സിംഗ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. അതേസമയം, സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.