നീയൊക്കെ നായകനെന്ന നിലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ..; ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ച ഡിവില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും അടിച്ചിരുത്തി ഗംഭീര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ പരാജയപ്പെട്ടു. പ്ലേഓഫ് മത്സരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറി. മുന്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണും എബി ഡിവില്ലിയേഴ്‌സും ഹാര്‍ദിക്കിന്റെ നേതൃത്വ ശൈലിയെ ചോദ്യം ചെയ്തു. തന്റെ ടീമിന്റെ ഫ്‌ലോപ്പ് ഷോയ്ക്ക് ഹാര്‍ദിക് ഉത്തരവാദിയാണെന്ന് ഇരുവര്‍ക്കും തോന്നി.

അതേസമയം, ഹാര്‍ദ്ദിക്കിന് പിന്തുണയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. ക്യാപ്റ്റനെന്ന നിലയില്‍ അവരുടെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിക്കാട്ടി എബി ഡിവില്ലിയേഴ്സിനേയും പീറ്റേഴ്സനേയും അദ്ദേഹം അടിച്ചിരുത്തി.

‘ഇരുവരും ക്യാപ്റ്റനായപ്പോള്‍ അവരുടെ പ്രകടനങ്ങള്‍ എന്തായിരുന്നു? കെവിന്‍ പീറ്റേഴ്‌സണും എബി ഡിവില്ലിയേഴ്‌സും ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയമായ ഒന്നും നേടിയതായി ഞാന്‍ കരുതുന്നില്ല. അവരുടെ റെക്കോഡുകള്‍ നോക്കുമ്പോള്‍, അത് മറ്റേതൊരു നായകനേക്കാളും മോശമാണ്.

എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ നയിച്ചതായി ഞാന്‍ കരുതുന്നില്ല. ഉണ്ടെങ്കില്‍ സ്വന്തം സ്‌കോറുകളല്ലാതെ അവന്‍ ഒന്നും നേടിയിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും ഐപിഎല്‍ വിജയിച്ച ക്യാപ്റ്റനാണ്. അതിനാല്‍ നിങ്ങള്‍ ഓറഞ്ചിനെ ഓറഞ്ചിനോട് താരതമ്യം ചെയ്യണം, ഓറഞ്ചിനെ ആപ്പിളിനോട് താരതമ്യപ്പെടുത്തരുത്- ഗംഭീര്‍ പറഞ്ഞു.