'യുവിക്ക് ശേഷം ഇങ്ങനൊരു താരത്തെ കണ്ടിട്ടില്ല'; സഞ്ജുവിനെ യുവരാജ് സിംഗിനോട് ഉപമിച്ച് മഞ്ജരേക്കര്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിനോട് ഉപമിച്ച് ഇന്ത്യന്‍ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അനായാസം സിക്സറുകളടിക്കാനുള്ള സഞ്ജു സാംസണിന്റെ കഴിവിനെയാണ് യുവരാജുമായി മഞ്ജരേക്കര്‍ താരതമ്യം ചെയ്തത്.

ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണ്‍ ഇപ്പോള്‍ കൈവരിച്ചിട്ടുള്ള വിജയങ്ങള്‍ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുകയാണ്. ദീര്‍ഘകാലമായി ഇവിടെയുള്ള താരമാണ് അദ്ദേഹം. ശരിയായുട്ടുള്ള അവസരങ്ങള്‍ ലഭിക്കുന്നതിനൊപ്പം തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയതുമാണ് സഞ്ജുവിനു ഗുണം ചെയ്തത്. കാരണം ഏതൊരു ബാറ്ററുടെ കാര്യമെടുത്താലും അയാള്‍ തുടര്‍ച്ചയായി മൂന്നോ, നാലോ മല്‍സരങ്ങളില്‍ കളിക്കുകയാണെങ്കില്‍ അതു അയാളുടെ മനസ്സിനെ കൂടുതല്‍ ഫ്രീയാക്കും.

സഞ്ജുവൊരു സിക്സറടിക്കാരനാണ്, അദ്ദേഹത്തിനുള്ള വഴിയാണ് ഇതു തുറന്നു കൊടുക്കുന്നത്. വളയെ അനായാസം സിക്സറുകളടിക്കാനുള്ള ശേഷി സഞ്ജുവിനുണ്ട്. യുവരാജ് സിംഗിനു ശേഷം ഇത്രയും അനായാസമായി, അതോടൊപ്പം സ്ഥിരമായി സിക്സറുകളടിക്കാന്‍ ശേഷിയുള്ള ഒരാളുണ്ടെങ്കില്‍ അതു സഞ്ജുവാണ്. ഗ്രൗണ്ടിന്റെ എല്ല മൂലയിലേക്കും അദ്ദേഹം ഷോട്ടുകള്‍ പായിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാഴ്ചയാണ്.

വലിയ ഇന്നിംഗ്സുകള്‍ ഇപ്പോള്‍ സഞ്ജു കളിക്കുന്നുണ്ട്. ഒരിക്കല്‍ മാത്രമല്ല, വീണ്ടും വീണ്ടും അദ്ദേഹത്തിനു ഇതു സാധിക്കുകയും ചെയ്യുന്നു. ചിലയാളുകള്‍ അല്‍പ്പം വൈകി ഉദിച്ചുയരുന്നവരാണ്, സഞ്ജു സാംസണ്‍ അങ്ങനെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. മുമ്പ് സഞ്ജു നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ റണ്‍സ് മാത്രം വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മികച്ച ബാറ്റിംഗിനൊപ്പം റണ്‍സും വരുന്നുണ്ട്- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.