അവന്‍ എന്നെ ബാത്ത്‌റൂമില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഒരുകാര്യം ആവശ്യപ്പെട്ടു; സൂര്യകുമാറിന്‍റെ ധീരമായ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തി ബൗച്ചര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ധീരമായ പ്രവൃത്തിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. തിരിച്ചടി നേരിട്ടെങ്കിലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാന്‍ സൂര്യകുമാര്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ബൗച്ചര്‍ പറഞ്ഞു.

അവന്‍ പരിക്കേറ്റ് മൈതാനം വിട്ടു വന്ന ശേഷം അവന്റെ കണ്ണ് വീര്‍ക്കാന്‍ തുടങ്ങി. അവന് അവിടെ ഐസ് വെക്കേണ്ടിവന്നു. അതിനാല്‍ അവനെ ബാറ്റിംഗ് ക്രമത്തില്‍ താഴേക്ക് ഇറക്കാം എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്നാല്‍ അവന്‍ എന്നെ ബാത്ത്‌റൂമില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ‘കോച്ച്, യഥാര്‍ത്ഥത്തില്‍ എനിക്ക് നാലാം നമ്പരില്‍ തന്നെ ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്’ എന്ന് പറഞ്ഞു. അവനെ ഞാന്‍ തടഞ്ഞില്ല ബൗച്ചര്‍ വെളിപ്പെടുത്തി.

ഡ്രസ്സിംഗ് റൂമില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണിവ. സമയങ്ങള്‍ കഠിനമാകുമ്പോള്‍ ഭയന്ന് മാറി മുറിയുടെ പുറകില്‍ ഒളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് മുന്നോട്ട് പോകണമെന്ന ശക്തമായ ആഗ്രഹവും അര്‍ജ്ജവമുണ്ട്- ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കോച്ചില്‍ നിന്ന് അവസരം ചോദിച്ചു വാങ്ങി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടും സൂര്യകുമാര്‍ യാദവ് മോശം ഫോം തുടര്‍ന്നു. ആദ്യ പന്തില്‍ തന്നെ ഡക്ക് ആയി താരം മടങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഇന്നിംഗ്സുകള്‍ ഉള്‍പ്പെടെ അവസാന ആറ് ഇന്നിംഗ്സുകളിലെ അദ്ദേഹത്തിന്റെ നാലാമത്തെ ഗോള്‍ഡന്‍ ഡക്ക് കൂടിയായിരുന്നു ഇത്.