അടുത്ത കോഹ്‌ലിയും ബാബറും എല്ലാം അവനാണ്; പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും പാക് നായകന്‍ ബാബര്‍ അസമിനും ശേഷം അടുത്ത സൂപ്പര്‍ താരം ആരായിരിക്കുമെന്ന് പ്രവചിച്ച് പാക് മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. നിലവില്‍ അത്ര വലിയ പേരെടുത്തിട്ടില്ലെങ്കിലും ഭാവിയില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഇതിഹാസ താരമായി വിളിക്കപ്പെടുമെന്നാണ് റാഷിദിന്റെ പ്രവചനം.

‘നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഹാരി ബ്രൂക്ക്. അടുത്ത വിരാട് കോഹ്‌ലിയും ബാബര്‍ അസമുമാവാന്‍ പ്രതിഭയുള്ളവനാണ് ബ്രൂക്ക്- യുട്യൂബ് ചാനലില്‍ സംസാരിക്കവെ റാഷിദ് പറഞ്ഞു. 23കാരനായ ബ്രൂക്ക് ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

നിലവില്‍ നാല് ടെസ്റ്റില്‍ നിന്ന് 80 ശരാശരിയില്‍ 480 റണ്‍സ് യുവതാരം നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പെടും. രണ്ട് ഏകദിനത്തില്‍ നിന്ന് 40 ശരാശരിയില്‍ 80 റണ്‍സും 20 ടി20യില്‍ നിന്ന് 26.57 ശരാശരിയില്‍ 372 റണ്‍സും താരം നേടിയിട്ടുണ്ട്.

ഇത്തവണ ഐപിഎല്ലിലും താരം വരവറിയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മിനി ലേലത്തില്‍ 13.25 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബ്രൂക്കിനെ ടീമിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ടി20യില്‍ വലിയ പ്രകടനം നടത്താനായിട്ടില്ലെങ്കിലും ബിബിഎല്ലില്‍ മോശമില്ലാത്ത പ്രകടനം താരം കാഴ്ചവെച്ചിട്ടുണ്ട്.