40 പന്തിൽ സെഞ്ച്വറി നേടാൻ കഴിവുള്ള ഇന്ത്യൻ താരമാണവൻ, അവന്റെ കഴിവിനെ ആരും സംശയിക്കരുത്; സൂപ്പർ താരത്തെക്കുറിച്ച് ഗാംഗുലി പറയുന്നത് ഇങ്ങനെ

ടി20യിൽ 60-ഓ 70-ഓ പന്തിൽ സെഞ്ച്വറി നേടുക മാത്രമല്ല ആവശ്യമുള്ളപ്പോൾ 40 പന്തിൽ സെഞ്ച്വറി എന്ന ട്രാവിസ് ഹെഡിൻ്റെ മാതൃക അതേപടി ആവർത്തിക്കാനും വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞു. എട്ട് മത്സരങ്ങളിൽ നിന്ന് 150.40 സ്‌ട്രൈക്ക് റേറ്റിൽ 379 റൺസ് നേടിയിട്ടും കോഹ്‌ലിയുടെ ടി20 കഴിവുകൾ അത്ര കണ്ട് ഉയരത്തിൽ എത്തിയില്ല എന്ന അഭിപ്രായം ചില ആരാധകർ പങ്കുവെച്ചു. കാരണം, മറ്റ് ടീമുകളുടെ ഓപ്പണർമാരായ ഹെഡ്, അഭിഷേക് ശർമ്മ, ഫിൽ സാൾട്ട്, സുനിൽ നരെയ്ൻ, ഇന്നലെ യശസ്വി ജയ്‌സ്വാൾ എന്നിവരും വേഗമേറിയ സെഞ്ചുറികൾ അടിച്ചിരുന്നു. ഇതെല്ലം കോഹ്‍ലിയെക്കാൾ വേഗത്തിൽ ആയിരുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ (ആർസിബി) ബാറ്റിംഗിൽ മറ്റ് താരങ്ങൾ സംഭാവന നൽകാത്തത് കൊണ്ട് കോഹ്‌ലി പലപ്പോഴും മധ്യ ഓവറുകളിൽ സ്പിന്നിനെതിരെ റൺ കണ്ടെത്താൻ വിഷമിക്കുകയും അതുവരെ ഉണ്ടായിരുന്ന വേഗം കുറക്കുകയും ചെയ്തു . ഇതെല്ലാം, 2024 ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് സംശയങ്ങൾ സൃഷ്ടിച്ചു.

എന്നാൽ കോഹ്‌ലിയുടെ കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലെന്നുള്ള അഭിപ്രായമാണ് ഗാംഗുലി പറഞ്ഞത്

“40 പന്തിൽ 100 ​​റൺസ് നേടാനുള്ള കഴിവും വിരാട് കോഹ്‌ലിക്ക് ലഭിച്ചിട്ടുണ്ട്…’ ഡൽഹി ക്യാപിറ്റൽസ് തിങ്കളാഴ്ച സംഘടിപ്പിച്ച പ്രത്യേക മാധ്യമ പരിപാടിയിൽ ഗാംഗുലി പറഞ്ഞു. ” ഇന്ത്യക്ക് കഴിവുള്ള താരങ്ങൾ ഒരുപാട് ഉണ്ട്. അവർ വരുക അടിക്കുക എന്ന പോളിസി സ്വീകരിച്ചാൽ മതി. അപ്പോൾ റൺസ് വരും.” ഗാംഗുലി പറഞ്ഞു

രോഹിത്തും കോഹ്‌ലിയും ആണ് ഓപ്പണിംഗിന് ഇറങ്ങുന്നതെങ്കിൽ അവർ പിച്ചിന്റെ സാഹചര്യം നോക്കി മാത്രം കളിക്കണം എന്നും അനാവശ്യ റിസ്‌ക്കുകൾ എടുക്കരുതെന്നും ഗാംഗുലി നിർദേശിച്ചു.