'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’മെയ് 16ന് തിയേറ്ററുകളിൽ എത്തുകയാണ്.

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ‘കൃഷ്ണ കൃഷ്ണ..’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നത് അജു വർഗീസാണ്. പാട്ടിന്റെ വരികൾ നൽകുമ്പോൾ ചിത്രത്തിന്റെ സ്ക്രിപ്റ്റാണെന്ന് കരുതി അജു തെറ്റിദ്ധരിക്കുന്നതും, ധ്യാൻ ശ്രീനിവാസനെ പോലെ താൻ ഇന്റർവ്യൂയിൽ വന്നിരുന്ന് സിനിമയുടെ കഥ പറയുമെന്ന് പേടിക്കേണ്ടെന്നും അജു പ്രൊമോ വീഡിയോയിൽ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.