ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അവനാണ്, ഇത്ര മികച്ച ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല; യുവതാരത്തെ പുകഴ്ത്തി വരുൺ ചക്രവർത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) ലെഗ് സ്പിന്നർ വരുൺ ചക്രവർത്തി പറയുന്നത് അനുസരിച്ച് സഹതാരം സുയാഷ്‌ ശർമ്മ ഭാവി ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർ താരം ആയിരിക്കുമെന്നാണ്. 19-കാരനായ താരത്തെ അതിശയിപ്പിക്കുന്ന പ്രതിഭയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിക്കുന്ന പ്രതിഭ എന്ന രീതിയിലാണ് സുയാഷിനെ വർണ്ണിച്ചത്.

ഏപ്രിൽ 6-ന് ഈഡൻ ഗാർഡനിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) കെ‌കെ‌ആറിന്റെ മത്സരത്തിൽ സുയാഷ് ആരാധകരെയും വിമർശകരെയും അമ്പരപ്പിച്ചു. ‘ഇംപാക്റ്റ് പ്ലെയർ’ ആയി വന്ന അദ്ദേഹം ആർ‌സി‌ബിയുടെ ലോവർ ഓർഡറിനെ തകർത്തെറിഞ്ഞിരുന്നു. ഇന്നലെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കെകെആറും ആർസിബിയും വീണ്ടും ഏറ്റുമുട്ടിയപ്പോൾ മറ്റൊരു മികച്ച പ്രകടനവുമായി ലെഗ് സ്പിന്നർ എത്തി. ഫാഫ് ഡു പ്ലെസിസിനെയും ഷഹബാസ് അഹമ്മദിനെയും പുറത്താക്കി അദ്ദേഹം നാല് ഓവറിൽ 2/30 എന്ന മികച്ച കണക്കുകൾ രേഖപ്പെടുത്തി.

ബാംഗ്ലൂരിനെതിരെ കൊൽക്കത്ത 21 റൺസിന് വിജയിച്ചതിന് ശേഷമുള്ള മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ചക്രവർത്തി, സുയാഷിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു: “സുയാഷ്‌ യഥാർത്ഥത്തിൽ ഒരു അത്ഭുത പ്രതിഭയാണ്. അവന്റെ കഴിവുകൾ അതിശയകരമാണ് . ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന വിശേഷണം അവന് നല്കാൻ ഞാൻ ആഗ്രഹിക്കുന്നു. എത്രയും വേഗം തന്നെ കൗണ്ടി ക്രിക്കറ്റിലൊക്കെ തിളങ്ങി മുന്നേറാൻ അവന് സാധിക്കട്ടെ.”

ഈ സീസണിൽ ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും ബാംഗ്ലൂരിനെതിരെ തിളങ്ങാൻ സാധിച്ച വരുണും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.