കോഹ്‌ലിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ ക്രിക്കറ്റ് താരം അദ്ദേഹമാണ്: മൈക്കല്‍ ആതര്‍ട്ടണ്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ 28 റണ്‍സിന്റെ വിജയത്തിന്റെ പിന്‍ബലത്തില്‍ 12 വര്‍ഷത്തിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് അവസരമുണ്ടെന്ന് മുന്‍ താരം മൈക്കല്‍ ആതര്‍ട്ടണ്‍. ഹൈദരബാദില്‍ അവിസ്മരണീയമായ വിജയം നേടിയതിന് ശേഷം ഇന്ത്യയില്‍ ഇംഗ്ലണ്ട് പരമ്പര നേടുമെന്ന് ആതര്‍ട്ടണ്‍ ആത്മവിശ്വാസത്തിലാണ്.

രണ്ടാം മത്സരത്തില്‍ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത് രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഇംഗ്ലണ്ടിന് അവസരം നല്‍കുമെന്ന് ആതര്‍ട്ടണ്‍ പറഞ്ഞു. ജഡേജയെ കോഹ്ലിയുമായി താരതമ്യം ചെയ്ത അദ്ദേഹം വാഷിംഗ്ടണ്‍ സുന്ദറിനോ കുല്‍ദീപ് യാദവിനോ ജഡേജയ്ക്കു പകരമാരാന്‍ കഴിയില്ലെന്നും പറഞ്ഞു.

ഇന്ത്യ 0-1 ന് പിന്നിലാണ്, വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കളിക്കാരനായ രവീന്ദ്ര ജഡേജയെ ഇന്ത്യയ്ക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ ബാറ്റിംഗും ബൗളിംഗും ടീം ഇന്ത്യയുടെ മൊത്തത്തിലുള്ള കൂട്ടുകെട്ടിന് മൂല്യം കൂട്ടുന്നു. വാഷിംഗ്ടണ്‍ സുന്ദറിനും സൗരഭ് കുമാറിനും കുല്‍ദീപ് യാദവിനും ജഡേജയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല. എല്ലാ പ്രശ്‌നങ്ങളും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിലാണ്- മൈക്കല്‍ ആതര്‍ട്ടണ്‍ പറഞ്ഞു.

179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാള്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയെ 336/6 എന്ന നിലയിലാണ്. രോഹിത് ശര്‍മ (41 പന്തില്‍ 14), ശുഭ്മാന്‍ ഗില്‍ (46 പന്തില്‍ 34), ശ്രേയസ് അയ്യര്‍ (59 പന്തില്‍ 27), രജത് പട്ടീദാര്‍ (72 പന്തില്‍ 32), അക്ഷര്‍ പട്ടേല്‍ (51 പന്തില്‍ 27), കെ.എസ്. ഭരത് (23 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.