അക്സര്‍ പട്ടേലിന് ഒരിക്കലും അര്‍ഹിക്കുന്ന അംഗീകാരങ്ങളോ അഭിനന്ദനങ്ങളോ ലഭിച്ചിട്ടില്ല. ഇന്നത്തെ ദിവസമെങ്കിലും നാം അയാളെ പ്രശംസകള്‍ കൊണ്ട് മൂടണം! 172 എന്ന ഇന്ത്യന്‍ വിജയലക്ഷ്യം ഭേദിക്കാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ജോസ് ബട്ലര്. അയാളെ വീഴ്ത്തിക്കൊണ്ട് അക്സറാണ് ഇന്ത്യന്‍ മുന്നേറ്റം ആരംഭിച്ചത്. അക്സറിനൊപ്പം മറ്റ് ബോളര്‍മാരും അഴിഞ്ഞാടിയതോടെ ഇന്ത്യ അനായാസം ടി-20 ലോകകപ്പിന്റെ ഫൈനലില്‍ എത്തി.
തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള അപാരമായ ഇച്ഛാശക്തിയാണ് അക്സറിന്റെ കരുത്ത്. നിര്‍ഭാഗ്യം എന്നും അക്സറിന്റെ കൂടെപ്പിറപ്പായിരുന്നു. കുട്ടിക്കാലത്ത് അക്സര്‍ ഒരു ലെഫ്റ്റ് ആം പേസ് ബോളറായിരുന്നു. എന്നാല്‍ മുട്ടിന് പരിക്ക് സംഭവിച്ചതോടെ അക്സറിന് സ്പിന്‍ ബോളിങ്ങിലേയ്ക്ക് മാറേണ്ടിവന്നു.
അക്സര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിച്ചവെച്ചു തുടങ്ങിയ സമയത്ത് സുനില്‍ ഗാവസ്കര്‍ അയാളെ വിമര്‍ശിച്ചു-
”അക്സറിന്റെ പന്തുകള്‍ വളരെയേറെ പ്രവചനീയമാണ്. അയാളെ സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കാന്‍ പോലും പ്രയാസമാണ്. കാര്യമായ ഫ്ലൈറ്റോ ടേണോ അയാള്‍ ഉത്പാദിപ്പിക്കുന്നില്ല….!” ആ കമന്റ് തന്നെ വേദനിപ്പിച്ചു എന്ന് അക്സര്‍ പരസ്യമായി പറയുകയും ചെയ്തു. ഗാവസ്കര്‍ സാറിനെക്കൊണ്ട് അത് മാറ്റിപ്പറയിക്കുവാന് താന്‍ ശ്രമിക്കുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
പതുക്കെ അക്സര്‍ വളര്‍ന്നു. 3D പ്ലെയര്‍ എന്ന ലേബലില്‍ വിജയ് ശങ്കര്‍ ലോകകപ്പ് കളിക്കുന്ന കാഴ്ച നാം കണ്ടു. പക്ഷേ യഥാര്‍ത്ഥ ത്രീ ഡൈമെന്‍ഷനല്‍ പ്ലെയറായിരുന്ന അക്സറിന് ആരും വലിയ ബഹുമാനം നല്‍കിയില്ല.
സ്വന്തം കരിയറിന്റെ ഭൂരിഭാഗവും അക്സര്‍ രവീന്ദ്ര ജഡേജയുടെ നിഴലില്‍ കഴിച്ചുകൂട്ടി. അയാള്‍ക്ക് പരാതികളില്ലായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം അക്സര്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.
ഓസീസിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ അക്സര്‍ ഒരു തീപ്പൊരി ക്യാച്ച് എടുത്തിരുന്നു. മിച്ചല്‍ മാര്‍ഷ് ബുള്ളറ്റ് പോലെ പായിച്ച ഷോട്ടായിരുന്നു അത്. ബൗണ്ടറിയില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങള്‍ പന്ത് ദേഹത്ത് കൊള്ളാതിരിക്കാന്‍ ജീവനുംകൊണ്ട് പായുകയായിരുന്നു. അപ്പോഴാണ് അക്സര്‍ വായുവില്‍ ഉയര്‍ന്നുചാടി ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയില്‍ ഒതുക്കി താഴെ വീണത്! ഒരര്‍ത്ഥത്തില്‍ ആ ക്യാച്ച് ആയിരുന്നു മാച്ചിലെ വഴിത്തിരിവ്. എന്നിട്ടും അക്സറിന് വലിയ വാഴ്ത്തുപാട്ടുകളൊന്നും ലഭിച്ചില്ല.
ഒരുകാലത്ത് കരണ്‍ ശര്‍മ്മയെപ്പോലും അക്സറിന്റെ മുകളില്‍ പ്രതിഷ്ഠിച്ച സുനില്‍ ഗാവസ്കര്‍ ഇന്ന് അക്സറിനെ വാതോരാതെ പുകഴ്ത്തുന്നു! ഇതാണ് ജീവിതവിജയം. അക്സറിന്റെ യഥാര്‍ത്ഥ പേര് ‘അക്ഷര്‍ പട്ടേല്‍’ എന്നായിരുന്നു. ജനനസമയത്ത് ഒരു നഴ്സ് വരുത്തിയ പിഴവായിരുന്നു അക്സര്‍ എന്ന പേര്.
അതിനെക്കുറിച്ച് ചോദിച്ചാല്‍ അക്സറിന്റെ കുടുംബാംഗങ്ങള്‍ പറയും- ”ഞങ്ങള്‍ അവന്റെ പേര് ശരിയാക്കാനൊന്നും ശ്രമിച്ചില്ല. അവന് ഇത്ര വലിയ ആളാവുമെന്ന് ആരും വിചാരിച്ചില്ല..!” ഇനി ഉറപ്പിച്ച് പറയാം. അക്സര്‍ വലിയവനാണ്. ശരിക്കും വലിയവന്‍…