IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാൾ നേടിയ സെഞ്ച്വറി ഒരു ഇന്ത്യൻ താരം ഓസ്‌ട്രേലിയൻ മണ്ണിൽ നേടിയ ഏറ്റവും മികച്ച സെഞ്ചുറികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെ കാണും. 161 റൺസ് നേടിയ താരം ഇന്നിംഗ്സ് കൊണ്ടുപോയ രീതിയാണ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുക മാത്രമല്ല ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മിച്ചൽ സ്റ്റാർക്കിനെ അടക്കം താരം സ്ലെഡ്ജ് ചെയ്ത് വീഴ്ത്തുകയും ചെയ്തു.

എന്തായാലും തന്നെ സ്ലെഡ്ജ് ചെയ്ത പയ്യനെക്കുറിച്ച് സ്റ്റാർക്ക് ചില പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ: “അവൻ പറഞ്ഞത് ഞാൻ കേട്ടില്ല. ഈ ദിവസങ്ങളിൽ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. ഞാൻ എറിഞ്ഞ ഒരു പന്തിൽ അവൻ പ്രതിരോധിച്ചു, സമാനമായ മറ്റൊരു പന്ത് എറിഞ്ഞപ്പോൾ അവൻ ഫ്ലിക്ക് ഷോട്ട് കളിച്ചു.

“ അവൻ എന്നോട് എന്തോ പറഞ്ഞ് കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ചിരിച്ചു. അദ്ദേഹം ഇന്ത്യയ്‌ക്കായി ധാരാളം ക്രിക്കറ്റ് കളിക്കും, മികച്ച വിജയം നേടുകയും ചെയ്യും. രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം നന്നായി കളിച്ചു, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ അവനെ പൂജ്യനായി പുറത്താക്കി. പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട അവൻ മികച്ച ഇന്നിംഗ്‌സ് കളിച്ചു.”

“പൂർണ്ണ ക്രെഡിറ്റ് അവനാണ്. ലോകമെമ്പാടുമുള്ള നിർഭയരായ യുവ ക്രിക്കറ്റ് താരങ്ങളുടെ പ്രതിനിധിയാണ് അവൻ. അഡ്‌ലെയ്ഡിൽ ഞങ്ങൾ പോരാടാൻ ആഗ്രഹിക്കുന്ന ഒരാൾ തന്നെ” അദ്ദേഹം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പറഞ്ഞു.

നാളെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തി പരമ്പരയിൽ ഒപ്പമെത്താനാണ് ഓസ്ട്രേലിയ ഇനി ശ്രമിക്കുക.