2024-25ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. വിരലിന് പരിക്കേറ്റതിനാൽ ആദ്യ ടെസ്റ്റ് നഷ്ടമായ അദ്ദേഹത്തെ പിങ്ക് ബോൾ ടെസ്റ്റിലേക്ക് തിരികെ വിളിക്കുക ആയിരുന്നു. എന്നിരുന്നാലും, സ്കോട്ട് ബോൾണ്ടും മിച്ചൽ സ്റ്റാർക്കും ഉൾപ്പെട്ട ഓസ്ട്രേലിയയുടെ മിടുക്കരായ ബോളർമാർക്ക് എതിരെ അദ്ദേഹത്തിന് പിടിച്ച് നിൽക്കാനായില്ല. സ്റ്റാർക്കിൻ്റെ പന്തുകൾ ഒകെ റീഡ് ചെയ്യുന്നതിൽ താരം പരാജയപെടുകയും ചെയ്തു.
പിങ്ക് ബോൾ ടെസ്റ്റിലെ പരാജയത്തിന് ശേഷം മൂന്നാം ടെസ്റ്റിന് താരം ഇറങ്ങുമ്പോൾ ബാറ്റിംഗിനെ അത്യാവശ്യം സഹായിക്കുന്ന ട്രാക്കിൽ താരം റൺ കണ്ടെത്തുമെന്നാണ് കരുതപെട്ടത് എങ്കിലും അത് ഉണ്ടായില്ല. വെറും 1 റൺ മാത്രം എടുത്താണ് സ്റ്റാർക്കിന് മുന്നിൽ താരം കീഴടങ്ങിയത്. സ്റ്റാർക്ക് എറിഞ്ഞ ഒരു വൈഡ് ബോളിന് അനാവശ്യമായി ബെറ്റുവെച്ച താരം മിച്ചൽ മാർഷിന് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. തുടക്കം മുതൽ അമിതാവേശത്തിൽ ഷോട്ടുകൾ കളിക്കുന്ന രീതിയാണ് ഗില്ലിന് പാരയാകുന്നത് എന്നാണ് ഗവാസ്ക്കർ പറഞ്ഞത്.
വാക്കുകൾ ഇങ്ങനെ:
“ബംഗ്ലദേശിനും മറ്റ് ചില ടീമുകൾക്കുമെതിരായ പരമ്പരയിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു, പക്ഷേ പിച്ചുകളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. ഓസ്ട്രേലിയയിൽ, അതിനനുസരിച്ച് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്.”
“ഈഗോ ഉപേക്ഷിക്കണം. നിങ്ങളുടെ ഇമേജ് ഡ്രസ്സിംഗ് റൂമിൽ സൂക്ഷിക്കണം, കാരണം അത് ഇവിടെ പ്രവർത്തിക്കില്ല. നിങ്ങൾ മധ്യത്തിൽ സമയം ചെലവഴിക്കണം. ശേഷം 50 അല്ലെങ്കിൽ 60 റൺസ് എത്തുമ്പോൾ, നിങ്ങളുടെ ബാറ്റിംഗ് ആയുധപ്പുരയിൽ ഉള്ള എല്ലാ ഷോട്ടുകളും നിങ്ങൾക്ക് കളിക്കാൻ കഴിയും, ”സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ഓസ്ട്രേലിയ അവരുടെ ഇന്നിംഗ്സിൽ 445 റൺസെടുത്തു, മറുപടിയിൽ ടോപ് ഓർഡറിൽ താരങ്ങൾ നിരാശപെടുത്തിയപ്പോൾ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്.