പാകിസ്ഥാനെതിരായ ചരിത്ര വിജയം: രോഹിത് ശര്‍മ്മയെ 'കോപ്പിയടിച്ച്' ബംഗ്ലാദേശ് ക്യാപ്റ്റന്‍

രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചു. ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നായി ഈ വിജയം മാറി. പര്യടനത്തില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ അവര്‍ തിരിച്ചുവന്നു.

രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 274ന് മറുപടിയായി ബംഗ്ലാദേശ് 26/6 എന്ന നിലയിലായിരുന്നു. എന്നിട്ടും അവര്‍ തിരിച്ചുവരികയും ലീഡ് വഴങ്ങള്‍ 12 റണ്‍സില്‍ ഒതുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാനെ 172 റണ്‍സിന് പുറത്താക്കി അവര്‍ സുഖകരമായ ചേസ് പൂര്‍ത്തിയാക്കി. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനെ 10 വിക്കറ്റിന് ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു.

അതേസമയം, പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചതിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ രോഹിത് ശര്‍മ്മയുടെ ഒരു ചെയ്തി അനുകരിച്ചു. ടെസ്റ്റ് പരമ്പര ട്രോഫി കെട്ടിപ്പുണര്‍ന്ന് ഉറങ്ങുന്ന ഷാന്റോയുടെ ചിത്രം പുറത്തുവന്നു. 2024 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം രോഹിത് ശര്‍മ്മ ചെയ്തതിന് സമാനമായിരുന്നു ഇത്.

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ലാദേശ് ഉടന്‍ തന്നെ ഇന്ത്യയില്‍ പര്യടനം നടത്തും. പാകിസ്ഥാനെതിരായ ചരിത്ര വിജയം ഇന്ത്യയ്ക്കെതിരായി വന്‍ പ്രകടനം പുറത്തെടുക്കുന്നതിന് അവര്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുമെന്ന് ഉറപ്പാണ്.