ഇന്ത്യൻ ജേഴ്സിയിൽ ഇന്നലെ സച്ചിനും ഗാംഗുലിയും നടന്ന് പോകുന്നത് ഞാൻ കണ്ടു, അവന്മാർ ഇതിഹാസത്തെ ഓർമ്മിപ്പിക്കുന്നു: റോബിൻ ഉത്തപ്പ

പുതിയ ടി20 ഓപ്പണിംഗ് ജോഡിയായ ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും സച്ചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി എന്നിവരുടെ സാദൃശ്യങ്ങൾ ഉണ്ടെന്ന്മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ കരുതുന്നു. ഗില്ലും ജയ്‌സ്വാളും ടീമിനായി ഈ കാലയളവിൽ സ്ഥിരതയോടെ പ്രകടനം നടത്തി ഇന്ത്യൻ ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ചവരാണ്.

രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 ഐ വിരമിക്കലിന് ശേഷം ടീം ഇന്ത്യ ആഗ്രഹിച്ച ടോപ്പ് ഓർഡറിലെ മികച്ച ഇടത്-വലത് കോമ്പിനേഷനായി ഗില്ലും ജയ്‌സ്വാളും ഉയർന്നു. സിംബാബ്‌വെയിലെയും ശ്രീലങ്കയിലെയും സമീപകാല പര്യടനങ്ങളിലൂടെ ഒരുമിച്ചുള്ള ഇന്നിംഗ്‌സ് ആരംഭിച്ച ഈ ജോഡി ഇന്ത്യക്ക് പലപ്പോഴും മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്.

ബൗളർമാരെ തുടക്കം മുതൽ ആക്രമിക്കാൻ ഇഷ്ടപെടുന്ന താരമാണ് ജയ്‌സ്വാൾ. മറുവശത്ത്, ഗിൽ ആക്രമണത്തോടൊപ്പം ക്ലാസ് ശൈലി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒന്നിലധികം ഗിയറുകളിൽ കളിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 ഐയിൽ ഉപയോഗപ്രദമായി.

“ഞാൻ അവരെ നോക്കുമ്പോൾ സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും ഒരുമിച്ച് നടക്കുന്നത് അവർ എന്നെ ഓർമ്മിപ്പിക്കുന്നു. അവിടെ അവർ പരസ്പരം പ്രശംസിക്കുന്നു. പരസ്പരം അഭിനന്ദിക്കുന്നു. ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യാൻ പോകുന്നത് കാണുമ്പോൾ ഞാൻ കാണുന്നത് സച്ചിനെയും ഗാംഗുലിയെയുമാണ്”സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ ഉത്തപ്പ പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഗില്ലും ജയ്‌സ്വാളും ചേർന്ന് മികച്ച ഓപ്പണിങ് ജോഡി എന്ന പേര് സംബാധിച്ചിട്ടുണ്ട്. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അർധസെഞ്ച്വറിയുമായി 64.50 ശരാശരിയിൽ 516 റൺസാണ് അവരുടെ കൂട്ടുകെട്ടിൽ നേടിയത്.