എനിക്ക് അത് വേണം, ഞാൻ അതിനായി അദ്ധ്വാനിക്കുകയാണ്; വമ്പൻ പ്രസ്താവനയുമായി സഞ്ജു സാംസൺ

വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ അടുത്തിടെ തൻ്റെ പ്രിയപ്പെട്ട ഫോര്മാറ്റിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സാംസൺ, ടെസ്റ്റ് ഫോർമാറ്റ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റ് ആണെന്ന് പറഞ്ഞു. വർഷങ്ങളായി ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിന്റെ ഭാഗമായി സഞ്ജു സാംസൺ ഉണ്ട്. എന്നിരുന്നാലും, ഏകദിനത്തിലും ടി 20 യിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പർ ആയി മാറാൻ ഇതുവരെ സഞ്ജുവിന് സാധിച്ചിട്ടില്ല.

എന്നാൽ അവസാനമായി കളിച്ച പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി സാംസൺ തിളങ്ങിയിരുന്നു. വെറും 47 പന്തിൽ 111 റൺസ് നേടിയ താരം ഇന്ത്യയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു. അടുത്തിടെ സ്‌പോർട്‌സ് ജേർണലിസ്റ്റായ വിമൽ കുമാർ സഞ്ജുവുമായി ഒരു അഭിമുഖം നടത്തിയിരുന്നു. മാധ്യമപ്രവർത്തകൻ്റെ യൂട്യൂബ് ചാനലിലാണ് അഭിമുഖം അപ്‌ലോഡ് ചെയ്തത്. അഭിമുഖത്തിനിടെ, ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് സാംസൺ സംസാരിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ബുദ്ധിമുട്ടുള്ള ഫോർമാറ്റാണെന്ന് സഞ്ജു പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ഏറ്റവും ഇഷ്ടമാണ്. നിങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന അനുഭവം മറ്റെവിടെയും ഉണ്ടാകില്ല. ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ യഥാർത്ഥ നിലവാരം ടെസ്റ്റ് ക്രിക്കറ്റിൽ ദൃശ്യമാണ്. ,” സാംസൺ പറഞ്ഞു.

ഇത് കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.”അഞ്ച് ദിവസത്തെ കഠിനാധ്വാനം, സ്കിൽ, അതെല്ലാം റെസ്റ്റിലാണ് പരീക്ഷിക്കുന്നത്. അവസരം കിട്ടുമ്പോഴെല്ലാം ഞാൻ വന്ന് കേരളത്തിനായി രഞ്ജി ട്രോഫി കളിക്കുന്നു, കാരണം അത് നിങ്ങളെ ശരിക്കും ടെസ്റ്റ് ചെയ്യുന്നു .അങ്ങനെ കഠിനാധ്വാനം ചെയ്തതിന് ശേഷം അതിൽ വിജയിക്കുമ്പോൾ അത് വലിയ സന്തോഷം നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.