"നിന്റെ പവർ എന്താണെന്ന് കാട്ടി കൊടുക്കാൻ നിർദേശിച്ചത് ആ പരിശീലകനാണ്, ഞാൻ എന്നും കടപ്പെട്ടിരിക്കും"; സഞ്ജു സാംസന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2015 മുതൽ ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും മതിയായ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഈ വർഷം താരത്തിനെ സംബന്ധിച്ച് കരിയറിന് കൂടുതൽ വളർച്ച ഉണ്ടായ വർഷമാണ്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 3 സെഞ്ചുറികൾ നേടാൻ താരത്തിന് സാധിച്ചു. ടി-20 യിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് ഇനി മലയാളി താരത്തിന് സീറ്റ് ഉറപ്പിക്കാം.

ഒരുപാട് പരിശീലകരുടെ കീഴിൽ കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസൺ. സഞ്ജുവിന്റെ കഴിവിനെ ഉയർത്തികൊണ്ട് വന്ന പരിശീലകൻ രാഹുൽ ദ്രാവിഡ് ആണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പക്ഷെ തന്റെ കഴിവിനൊത്ത അവസരം നൽകിയത് പരിശീലകനായ ഗൗതം ഗംഭീർ ആണ്. ഓപ്പണിങ്ങിലെക്ക് സഞ്ജുവിനെ പരിഗണിച്ചത് അദ്ദേഹമായിരുന്നു. താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗൗതം ഗംഭീറിനോടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

“ഗംഭീര്‍ ഭായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശേഷം എല്ലാ താരങ്ങളുമായും വ്യക്തിപരമായി സംസാരിച്ചിരുന്നു. എന്നോടും സംസാരിച്ചു. നീ എന്താണെന്ന് എനിക്കറിയാം. സവിശേഷമായ കഴിവുള്ളവനാണ് നീ. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിനക്കുണ്ടാവും. പോയി നീ എന്താണെന്ന് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു പിന്തുണ പരിശീലകനില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ ആത്മവിശ്വാസം നൽകും” സഞ്ജു സാംസൺ പറഞ്ഞു.

നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫിയിൽ മോശമായ പ്രകടനം നടത്തുന്ന താരമാണ് വിക്കറ്റ് കീപ്പർ റിഷബ് പന്ത്. അദ്ദേഹത്തെ മാറ്റി സഞ്ജുവിനെ പരിഗണിക്കണം എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്ന് വളരെ ശക്തമാണ്. എന്നാൽ ബിസിസിഐ സഞ്ജുവിന് മുൻപ് പരിഗണിക്കാൻ സാധ്യത ഉള്ള താരം അത് ധ്രുവ് ജുറൽ ആണ്.