അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി, എന്റെ ചെറുക്കൻ ഉണ്ടെങ്കിൽ കാണാമായിരുന്നു; സീനിയർ താരത്തിനായി വാദിച്ച് അനിൽ കുംബ്ലെ

ഇന്ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ വെറ്ററൻ ബാറ്റർ ചേതേശ്വര് പൂജാരയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് ബുദ്ധിമുട്ടായി മാറിയെന്ന് അനിൽ കുംബ്ലെ വിശദീകരിച്ചു. രോഹിത് ശർമ്മയുടെ ടീം വെറും 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ ചെറിയ ടോട്ടൽ ആണിത്.

മുമ്പ് പല അവസരങ്ങളിലും ഇന്ത്യയെ രക്ഷിക്കുന്ന തരത്തിലുള്ള ഇന്നിംഗ്സ് കളിച്ചിട്ടുള്ള പൂജാരയുടെ അഭാവം ഇന്ത്യയെ ബാധിച്ചു എന്നാണ് മുൻ താരത്തിന്റെ നിഗമനം. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് തൊട്ടുപിന്നാലെ പൂജാരയുടെ മൂന്നാം നമ്പർ സ്ഥാനം ശുഭ്മാൻ ഗില്ലിന് ലഭിക്കുക ആയിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ഗിൽ കളിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നിലവിൽ പൂജാര.

കുംബ്ലെ പറഞ്ഞത് ഇങ്ങനെ:

“വിരാട് കോഹ്‌ലി നാലാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടതായിരുന്നു, ആ സ്ഥാനത്ത് അദ്ദേഹം നിങ്ങളുടെ ഒന്നാം നമ്പർ ബാറ്ററാണ്. മൂന്നാം നമ്പർ സ്ഥാനത്തേക്ക്, ചേതേശ്വർ പൂജാരയെപ്പോലെ ഒരാൾ തന്നെ വേണം. ഇത്രയും വർഷം അവിടെ കളിച്ചു. 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് പറ്റിയ അബദ്ധം അദ്ദേഹത്തിന് പറ്റില്ല. കാരണം അവന് സാഹചര്യം അനുസരിച്ച് കളിക്കാൻ അറിയാം. ഇന്ന് ഇന്ത്യ മിസ് ചെയ്തതും അദ്ദേഹത്തെ പോലെ ഒരു താരത്തെയാണ്.” കുംബ്ലെ പറഞ്ഞു.

മുമ്പ് പല അവസരങ്ങളിലും പൂജാര ഇന്ത്യയെ അപകടത്തിൽ നിന്ന് രക്ഷിച്ചു. താരത്തെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തിയാൽ കരുത്ത് തെളിയിച്ചാൽ മാത്രമേ ഇനി ഇന്ത്യക്ക് ഒരു തിരിച്ചുവരവ് സാധിക്കു.