ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോ?, തീരുമാനമാക്കി ബിസിസിഐ

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകുന്നതില്‍ നിലപാട് മാറ്റാതെ ബിസിസിഐ. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മാത്രമേ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകുകയുള്ളു എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല കാണ്‍പൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും ക്രിക്കറ്റ് ബോര്‍ഡ് അനുസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. അന്താരാഷ്ട്ര പര്യടനങ്ങള്‍ക്ക് ഞങ്ങള്‍ എപ്പോഴും സര്‍ക്കാരില്‍ നിന്ന് അനുമതി തേടും എന്നതാണ് ഞങ്ങളുടെ നയം. ഞങ്ങളുടെ ടീം ഏതെങ്കിലും രാജ്യത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അത് അനുസരിക്കും- ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടീം ഇന്ത്യയുടെ യാത്രാ പദ്ധതികള്‍ സ്ഥിരീകരിക്കുന്നതിനുള്ള സമയപരിധിയൊന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്‍കിയിട്ടില്ലെന്നും രാജീവ് ശുക്ല വെളിപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫിയുടെ ഒരു താല്‍ക്കാലിക ഷെഡ്യൂള്‍ പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച് മെഗാ ഇവന്റ് ഫെബ്രുവരി 19 ന് കറാച്ചിയില്‍ ആരംഭിക്കും. ഫൈനല്‍ മാര്‍ച്ച് 9 ന് ലാഹോറില്‍ നടക്കും.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇവന്റിനായുള്ള ഷെഡ്യൂള്‍ അന്തിമമാക്കാന്‍ ഐസിസിയെ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അവര്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല.